കൊച്ചി: പ്രഖ്യാപന ദിവസം മുതൽ വലിയ ചർച്ചകൾക്ക് കാരണമായ ചിത്രമാണ് മമ്മൂട്ടിയുടെ ഭ്രമയുഗം. 2024 ഫെബ്രുവരി 15 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മമ്മൂട്ടിയുടെ കൊടുമൺ പോറ്റിക്കൊപ്പം അർജുൻ അശോകന്റെയും സിദ്ധാർഥ് ഭരതന്റെയും പ്രകടനവും ചർച്ചയാവുന്നുണ്ട്.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ബോക്സ് ഓഫീസിൽ കുതിക്കുകയാണ് ഇപ്പോഴിതാ ചിത്രത്തിൻറെ കളക്ഷൻ സംബന്ധിച്ച കണക്കുകൾ ആദ്യമായി പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കൾ.
വ്യാഴാഴ്ച റിലീസ് ചെയ്യപ്പെട്ട ചിത്രം ആദ്യ നാല് ദിനങ്ങളിൽ കേരളത്തിൽ നിന്ന് മാത്രം നേടിയിരിക്കുന്നത് 11.85 കോടിയാണ്. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 3.39 കോടി. വിദേശ മാർക്കറ്റുകളിൽ നിന്ന് 17.69 കോടി. ഇങ്ങനെ ആഗോള ബോക്സ് ഓഫീസ് പരിഗണിക്കുമ്പോൾ നാല് ദിവസം കൊണ്ട് ചിത്രം ആകെ നേടിയിരിക്കുന്നത് 32.93 കോടിയാണ്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് മികച്ച ഓപണിംഗ് വീക്കെൻഡ് കളക്ഷനാണിത്
അതേസമയം മറ്റൊരു ഭാഷയിലും റിലീസിന് ഒരുങ്ങുകയാണ് ചിത്രം.മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി മൊഴിമാറ്റ പതിപ്പുകളും അണിയറയിൽ തയ്യാറായിരുന്നു. ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെ മലയാളം പതിപ്പാണ് കേരളത്തിനൊപ്പം മറ്റ് സംസ്ഥാനങ്ങളിലും ഫെബ്രുവരി 15 ന് റിലീസ് ചെയ്യപ്പെട്ടത്. ചിത്രത്തിൻറെ തെലുങ്ക് പതിപ്പാണ് ആദ്യം തിയറ്ററുകളിൽ എത്തുക. റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 23 ന് ചിത്രം തിയറ്ററുകളിലെത്തും. തെലുങ്കിലെ പ്രമുഖ ബാനർ ആയ സിതാര എൻറർടെയ്ൻമെൻറ്സ് ആണ് ചിത്രം വിതരണം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്.
Discussion about this post