തിരുവനന്തപുരം: കേരളത്തെ കേന്ദ്രം ഭീഷണിപ്പെടുത്തുകയാണെന്ന് ധനമന്ത്രി കെ. എൻ ബാലഗോപാൽ. കേന്ദ്രം സംസ്ഥാനത്തെ വീർപ്പുമുട്ടിയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തരാനുള്ള തുക നൽകാതിരുന്നതോടെയാണ് കേന്ദ്രത്തിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ ഇതിന് പിന്നാലെ കേന്ദ്രം ഭീഷണിപ്പെടുത്താൻ ആരംഭിച്ചു. കേസ് പിൻവലിക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. ഇല്ലെങ്കിൽ തരാനുള്ളതും തരില്ലെന്നാണ് ഭീഷണി. കേന്ദ്രത്തിനെതിരെ എൽഡിഎഫ് മാത്രമല്ല സമരം ചെയ്തത്. മറ്റ് സംസ്ഥാനങ്ങളും സമരത്തിൽ പങ്കെടുത്തുവെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു.
ഭരണഘടനാപരമായ അവകാശങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടിയാണ് സുപ്രീംകോടതിയെ കേരളം സമീപിച്ചത്. ഇതിൽ ചർച്ച ആയിരുന്നു സുപ്രീംകോടതി നിർദ്ദേശിച്ചത്. ഇതേ തുടർന്നാണ് കേന്ദ്രം ചർച്ചയ്ക്ക് തയ്യാറായത്. അപൂർവ്വമായാണ് കേരളവും കേന്ദ്രവും തമ്മിലുള്ള തർക്കം കോടതി കയറുന്നതെന്നും ബാലഗോപാൽ വ്യക്തമാക്കി.
13000 കോടി രൂപയോളമാണ് കേന്ദ്രം നൽകാനുള്ളത്. ഈ തുക നൽകണം എങ്കിൽ കേസ് പിൻവലിക്കണം എന്നാണ് കേന്ദ്രം പറയുന്നത്. ഇത് ഭരണഘടനാ വിരുദ്ധമാണ്. കേന്ദ്രം സംസ്ഥാനത്തിന് നേരെ മർക്കട മുഷ്ടി കാണിക്കുന്നു. സംസ്ഥാനത്തെ കേന്ദ്രം ശ്വാസം മുട്ടിക്കുകയാണെന്നും ബാലഗോപാൽ പറഞ്ഞു.
Discussion about this post