കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ സേവാദർശന്റെ ‘കർമയോഗി പുരസ്‌കാരം’. എഴുത്തുകാരനും സംവിധായകനുമായ ഡോ. എൻ ആർ മധുവിന്. നാടക ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവന കണക്കിലെടുത്താണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് കർമയോഗി പുരസ്‌കാരം.
ഈ മാസം 25 ന് കുവൈറ്റിന്റെ ദേശീയ ദിനത്തോടനുബന്ധിച്ച് നടക്കുന്ന ‘സങ്കൽപ് 2024 ‘ ചടങ്ങിൽ അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിക്കും. കവിതാസമാഹാരങ്ങൾ ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുള്ള എൻ ആർ മധു, നിരവധി ഷോർട്ട് ഫിലിം, ഡോക്യുമെന്ററി, കാവ്യശില്പം, തെരുവുനാടകം എന്നിവയുടെ രചനയും സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്.
കോട്ടയം മീനച്ചിൽ സ്വദേശിയാണ് മധു. പാലാ സെന്റ് തോമസ് കോളേജിൽ നിന്ന് ബിരുദവും കേരള യൂണിവേഴ്സിറ്റിയിൽ നിന്നും എം.എയും, എം.ഫിലും പൂർത്തിയാക്കി. സ്വാമി ‘വിവേകാനന്ദന്റെയും മഹർഷി അരവിന്ദന്റെയും വിദ്യാഭ്യാസ ദർശനം’ എന്ന വിഷയത്തിൽ കേരളാ യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്ഡി നേടി. കേസരി വാരിക ചീഫ് എഡിറ്ററും കോഴിക്കോട് മഹാത്മാഗാന്ധി കോളേജ് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ (മാഗ്കോം) ഉപദേശകനുമാണ്. 2001 മുതൽ ആർഎസ്എസ് പ്രചാരകനാണ്.
മാനവ സേവ മാധവ സേവ എന്ന ആപ്തവാക്യവുമായി പ്രവർത്തിക്കുന്ന സേവാദർശൻ, കേരളത്തിലെ എല്ലാ ജില്ലകളിലും ഡയാലിസിസ് സെന്റർ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘സങ്കൽപ് 2024’ എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നത്. മുൻ ഡിജിപി ഡോ. ജേക്കബ് തോമസ്, നടൻ കൃഷ്ണകുമാർ എന്നിവർ പങ്കെടുക്കും. കവി രമേശൻ നായർ, മാദ്ധ്യമപ്രവർത്തകൻ പി ശ്രീകുമാർ എന്നിവരാണ് മുൻ പുരസ്‌ക്കാര ജേതാക്കൾ.











Discussion about this post