ലഖ്‌നൗ : 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ഉത്തർപ്രദേശിൽ നിന്നുള്ള ലോക്സഭാ മണ്ഡലങ്ങളിൽ മത്സരിക്കുന്ന കാര്യത്തിൽ ഇൻഡി സഖ്യത്തിൽ ധാരണയായി. കോൺഗ്രസ് 17 സീറ്റുകളിൽ നിന്നും സമാജ്‌വാദി പാർട്ടി 63 സീറ്റുകളിൽ നിന്നും മത്സരിക്കും. റായ്ബറേലി, അമേഠി, വാരാണസി എന്നിവിടങ്ങളിൽ ഇത്തവണയും കോൺഗ്രസ് തന്നെയായിരിക്കും മത്സരിക്കുക.
80 സീറ്റുകൾ ഉള്ള ഉത്തർപ്രദേശിൽ നിന്നും കഴിഞ്ഞതവണ കോൺഗ്രസിന് ഒരേയൊരു സീറ്റിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞിരുന്നത്. റായ്ബറേലി സീറ്റിൽ മത്സരിച്ച സോണിയ ഗാന്ധി ആയിരുന്നു കഴിഞ്ഞവർഷം ഉത്തർപ്രദേശിൽ നിന്നും ലോക്സഭയിലേക്ക് എത്തിയ ഒരേയൊരു കോൺഗ്രസ് സ്ഥാനാർത്ഥി. എന്നാൽ ഈ വർഷം സോണിയ ഗാന്ധി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. മറിച്ച് ഇത്തവണ രാജ്യസഭയിലേക്കാണ് സോണിയ ഗാന്ധി എത്തുന്നത്.
പ്രിയങ്ക ഗാന്ധിയുമായി സംസാരിച്ചതിനുശേഷം ആണ് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കോൺഗ്രസിന് നൽകുന്ന സീറ്റുകളുടെ കാര്യത്തിൽ ധാരണയിൽ എത്തിയത്. കോൺഗ്രസിന്റെ അഭിമാന മണ്ഡലമായ റായ്ബറേലിയിൽ നിന്നും ഇത്തവണ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞതവണ അമേത്തിയിൽ സ്മൃതി ഇറാനിയോട് തോറ്റ രാഹുൽ ഗാന്ധി ഇത്തവണ വയനാട്ടിൽ നിന്ന് മാത്രമായിരിക്കും മത്സരിക്കുക എന്നാണ് സൂചന.








