തിരുവനന്തപുരം: കുടശിക കൊടുത്ത് തീർത്തില്ലെങ്കിൽ സേവനം നിർത്തി വയ്ക്കുമെന്ന് മോട്ടോർ വാഹന വകുപ്പിന് മുന്നറിയിപ്പ് നൽകി സി- ഡിറ്റ്. ഫെബ്രുവരി അവസാനത്തോടെ കുടിശിക മുഴുവൻ തീർക്കണമെന്നാണ് സിഡിറ്റ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആകെ 6.58 രൂപയാണ് കുടിശികയായി എംവിഡി സിഡിറ്റിന് നൽകാനുള്ളത്.
2010 മുതൽ നടപ്പാക്കിവരുന്ന ഫെസിലിറ്റി മാനേജ്‌മെന്റ് പ്രോജക്ടിന്റെ കരാർ കാലാവധി പലതവണ ദീർഘിപ്പിച്ചിട്ടുണ്ട്. കരാർ പ്രകാരമുള്ള തുക ഇതുവരെയും സിഡിറ്റിന് കൈമാറിയിട്ടില്ല. 2023 ജനുവരി മാസം വരെയുള്ള തുക മാത്രമാണ് ഇതുവരെ ലഭ്യമായിട്ടുള്ളതെന്നും സി- ഡിറ്റ്് വ്യക്തമാക്കുന്നു.
സി-ഡിറ്റിന്റെ മറ്റു പ്രൊജക്ടുകളിൽ നിന്നുള്ള സഞ്ചിത വരുമാനം വകമാറ്റിയാണ് സേവനം നൽകിയിരുന്നത്. എന്നാൽ, ഇപ്പോൾ ജീവനക്കാർക്ക് പോലും ശമ്പളം നലകാൻ കഴിയാത്ത വിധം കടുത്ത പ്രതിസന്ധിയിലാണ്. അതിനാൽ, തന്നെ കുടിശിക ഈ മാസം അവസാനത്തോടെ തീർപ്പാക്കിയില്ലെങ്കിൽ തുക കിട്ടുന്നതു വരെ സർവീസ് നിർത്തി വയ്ക്കുമെന്നും സി- ഡിറ്റ് അറിയിച്ചു.












