മലപ്പുറം/ ന്യൂഡൽഹി: ബിജെപിയുടെ പ്രചാരണഗാനം മാറിപ്പോയ സംഭവവുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ നൽകിയ മാദ്ധ്യമങ്ങളെ വിമർശിച്ച് കേരളത്തിന്റെ ബിജെപിയുടെ ചുമതലയുള്ള പ്രഭാരിയും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവ്ദേക്കർ. വാർത്തകൾ നൽകുന്നതിന് മുൻപ് മാദ്ധ്യമങ്ങൾ സത്യാവസ്ഥയെന്തെന്ന് അന്വേഷിച്ച് അറിയണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രചാരണഗാനം മാറിപോയത് ബോധപൂർവ്വമാണെന്ന തരത്തിൽ മാദ്ധ്യമങ്ങൾ വാർത്തകൾ നൽകിയിരുന്നു. ഐടി സെൽ ചെയർമാൻ ജയശങ്കറും, സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനും തമ്മിൽ ഭിന്നതകൾ ഉണ്ടെന്നും, വിഷയത്തിൽ കേന്ദ്രം ഇടപെടുമെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മാദ്ധ്യമങ്ങളെ വിമർശിച്ച് അദ്ദേഹം രംഗത്ത് എത്തിയത്.
വാർത്തകൾ നൽകുന്നതിന് മുൻപ് സംഭവത്തിന്റെ സത്യാവസ്ഥ എന്തെന്ന് പരിശോധിക്കാൻ കേരളത്തിലെ മാദ്ധ്യമങ്ങൾ തയ്യാറാകണം. 2013 ൽ യുപിഎ സർക്കാരിനെതിരെ തയ്യാറാക്കിയ പ്രചാരണ ഗാനം തെറ്റായി വന്നതാണ്. ഇത്തരം തെറ്റുകൾ എല്ലാ ദിവസവും മാദ്ധ്യമങ്ങൾക്കും സംഭവിക്കാം. സംഭവത്തിൽ നടപടി ആവശ്യമില്ല- പ്രകാശ് ജാവ്‌ദേക്കർ എക്‌സിൽ കുറിച്ചു.
സുരേന്ദ്രൻ നയിക്കുന്ന കേരളപദയാത്ര ജില്ലയിലെ പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ പുരോഗമിയ്ക്കുന്നതിനിടെയായിരുന്നു പ്രചാരണ ഗാനത്തിൽ പിഴവ് സംഭവിച്ചത്. സംഭവത്തിൽ മലപ്പുറം സോഷ്യൽ മീഡിയ ടീം വിശദീകരണം നൽകിയിട്ടുണ്ട്.
Discussion about this post