ന്യൂഡൽഹി : ആയുർവേദത്തെ കൂടുതൽ വിശ്വാസ്യതയിൽ എടുക്കാൻ കാരണക്കാരനായത് പ്രധാനമന്ത്രി നരേന്ദ്രമോദി ആണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ആദ്യമായി കൊവിഡ് ബാധിച്ചപ്പോൾ പ്രധാനമന്ത്രി തന്നെ ഫോണിൽ വിളിച്ച് ആയുഷിലെ വൈദ്യനെ പരിചയപ്പെടുത്തി. പിന്നീട് പ്രധാനമന്ത്രി തന്നെ തനിക്ക് ആവശ്യമായ മരുന്നുകളും കൊടുത്തയച്ചു. പിന്നീട് രണ്ടുതവണ കൂടി കൊവിഡ് വന്നപ്പോഴും ആയുഷിലെ ഈ ആയുർവേദ മരുന്നുകൾ കഴിച്ചാണ് അതിജീവിച്ചതെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.
സുപ്രീംകോടതി വളപ്പിൽ ആരംഭിച്ച ആയുഷ് ഹോളിസ്റ്റിക് വെൽനസ് സെന്റർ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. കൊവിഡ് 19 കാലത്തെ പോരാട്ടത്തിനിടയിലാണ് തനിക്ക് ആയുഷുമായി ബന്ധം ഉണ്ടാകുന്നത് എന്ന് ചീഫ് ജസ്റ്റിസ് അനുസ്മരിച്ചു. “കൊവിഡ് ബാധിച്ചിരുന്ന കാലത്ത് പ്രധാനമന്ത്രിയിൽ നിന്നും എനിക്കൊരു കോൾ ലഭിച്ചു. എല്ലാം പെട്ടെന്ന് ശരിയാകും എന്ന് അദ്ദേഹം ആശ്വസിപ്പിച്ചു. ആയുസ്സിലെ ഒരു സെക്രട്ടറി കൂടിയായ ഒരു വൈദ്യനെ അദ്ദേഹം എനിക്ക് പരിചയപ്പെടുത്തി. തുടർന്ന് പ്രധാനമന്ത്രി തന്നെ അദ്ദേഹത്തെ വിളിച്ച് എനിക്കുള്ള മരുന്നുകൾ അയച്ചുതരാൻ ഏർപ്പാടാക്കുകയും ചെയ്തു” എന്നാണ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.
“ആയുഷിൽ നിന്നുള്ള മരുന്ന് കഴിച്ചത് മുതൽ ആരോഗ്യത്തിൽ വലിയ ആശ്വാസം ഉണ്ടായി. പിന്നീട് രണ്ടാമതും മൂന്നാമതും കോവിഡ് വന്നെങ്കിലും ഞാൻ അലോപ്പതി മരുന്നുകൾ ഒന്നും തന്നെ കഴിച്ചില്ല. ബദൽ ഹോളിസ്റ്റിക് ചികിത്സയിലുള്ള എന്റെ വിശ്വാസത്തിന് അടിവരയിടുന്നതായിരുന്നു ആയുഷിൽ നിന്നും എനിക്ക് ഉണ്ടായ അനുഭവം. സുപ്രീംകോടതിയിലെ ജഡ്ജിമാർക്കും അവരുടെ കുടുംബങ്ങൾക്കും സ്റ്റാഫുകൾക്കും ഇടയിൽ ആയുർവേദത്തിന്റെയും സമഗ്രമായ ജീവിതശൈലിയുടെയും പ്രോത്സാഹനം ലക്ഷ്യമിട്ടുകൊണ്ടാണ് സുപ്രീംകോടതി വളപ്പിൽ ആയുഷ് ഹോളിസ്റ്റിക് വെൽനസ് സെന്റർ സ്ഥാപിക്കുന്നത്” എന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.
Discussion about this post