ന്യൂഡൽഹി : മുകേഷ് അംബാനിയുടെ മകൻ അംബാനിയുടെ പ്രീ വെഡിംഗ് പാർട്ടിയിൽ പങ്കെടുക്കാനായി
മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സും അദ്ദേഹത്തിൻ്റെ മുൻ ഭാര്യ മെലിൻഡയും ഇന്ത്യയിലെത്തും. ഗുജറാത്തിലെ ജാംനഗറിൽ വെച്ചാണ് അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും പ്രീ വെഡിംഗ് പാർട്ടി നടക്കുന്നത്.
ബിൽ ഗേറ്റ്‌സും മെലിൻഡ ഗേറ്റ്‌സും ഉൾപ്പെടെ നിരവധി പ്രമുഖർ ഗുജറാത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതാണ്. വ്യവസായ പ്രമുഖരും രാഷ്ട്രീയ നേതാക്കളും അടക്കമുള്ള 1,000 അതിഥികളെയാണ് ഈ പ്രീ വെഡിംഗ് പാർട്ടിയിലേക്ക് ക്ഷണിച്ചിട്ടുള്ളത്. ഫെബ്രുവരി 16ന് ജാംനഗറിൽ നടന്ന ‘ലഗാൻ ലഖ്വാനു’ ചടങ്ങോടെയാണ് അനന്തിൻ്റെയും രാധികയുടെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾ ആരംഭിച്ചത്. ജാംനഗറിലെ അംബാനി കുടുംബത്തിൻ്റെ ഫാം ഹൗസിലായിരുന്നു ആഘോഷചടങ്ങുകൾ നടന്നിരുന്നത്.
മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകനാണ് അനന്ത് അംബാനി.
2023 ജനുവരി 19 ന് മുംബൈയിൽ വച്ച് നടന്ന ഒരു ചടങ്ങിലായിരുന്നു അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹനിശ്ചയം നടന്നിരുന്നത്. മാർച്ച് ഒന്നു മുതൽ മൂന്നു വരെയുള്ള ദിവസങ്ങളിൽ അനന്ത് അംബാനിയുടെ വിവാഹ ആഘോഷങ്ങൾ നടക്കുന്നതാണ്.
Discussion about this post