ലോകത്ത് മലേറിയ കഴിഞ്ഞാൽ ഏറ്റവും മാരകമായ രണ്ടാമത്തെ രോഗമാണ് കരിമ്പനി അല്ലെങ്കിൽ കാലാ അസർ. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഈ രോഗം നിരവധി പേർക്ക് റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യത്തിൽ ഇന്ത്യ സുപ്രധാന ചുവട്‌വെയ്പ്പിലേക്ക് എത്തിയിരിക്കുകയാണ്. 2023 ൽ എല്ലാ ബ്ലോക്കുകളിലുമായി 10,000 ജനസംഖ്യയിൽ ഒന്നിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്യുക എന്ന ലക്ഷ്യമാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്. നാഷ്ണൽ വെക്റ്റർ ബോൺ ഡിസീസ് കൺട്രോൾ പ്രോഗ്രാമിൽ നിന്നുള്ള ഡാറ്റയാണ് പുറത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ വർഷം കരിമ്പനി 595 കേസുകളും , നാല് മരണങ്ങളുമാണ് രാജ്യവ്യാപകമായി റിപ്പോർട്ട് ചെയ്തിരുന്നത്. 2022 ൽ 891 കേസുകളും മൂന്ന് മരണങ്ങളും ഉണ്ടായി. ഈ വിവരം കേന്ദ്രം ലോകാരോഗ്യ സംഘടനയെ (ഡബ്ല്യുഎച്ച്ഒ) അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിരവധി മുൻകരുതലുകളാണ് സ്വീകരിച്ചിരുന്നത്.
ഇന്ത്യയിൽ ബിഹാർ, ജാർഖണ്ഡ്, ബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് രോഗം വ്യാപകമായിരുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി 10,000 ജനസംഖ്യയിൽ ഒന്നിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യ്തിരുന്നു. ഇതിന്റെ ഫലമായി ഇന്ത്യയ്ക്ക് നാല് തവണയാണ് ഈ റെക്കോർഡ് നഷ്ടമായത്. എന്നാൽ ഇത് ആദ്യ ചുവടുവെപ്പ് മാത്രമാണെങ്കിലും ലോകാരോഗ്യ സംഘടനയുടെ സർട്ടിഫിക്കേഷൻ ലഭിക്കുന്നതിന് അടുത്ത മൂന്ന് വർഷം ഈ റിപ്പോർട്ട് തന്നെ നിലനിർത്തേണ്ടതുണ്ട്. 2023 ഒക്ടോബറിൽ, കാലാ അസറിനെ പൂർണമായി സാധൂകരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ബംഗ്ലാദേശ് മാറിയിരുന്നു.
എന്താണ് കരിമ്പനി ?
ലിഷ്മീനിയ എന്ന പരാദം ഉണ്ടാക്കുന്ന രോഗമാണ് കരിമ്പനി അഥവാ കാലാ അസർ. ഒരു പ്രത്യേകതരം ചെള്ള് കടിക്കുന്നതിലൂടെയാണ് രോഗം പരക്കുന്നത്. കൊതുകുകളുടെ മൂന്നിലൊന്ന് വലുപ്പമേയുളളു ഇവയ്ക്ക്. പൊടിമണ്ണിലാണ് ഇവ മുട്ടയിട്ട് വിരിയിക്കുന്നത്. ലീഷ്മാനിയ എന്ന പരാന്നഭോജികൾ പരത്തുന്നതിനാൽ ഈ രോഗത്തെ ലീഷ്മാനിയാസിസ് എന്നു വിളിക്കുന്നു. കറുപ്പ് എന്നർഥത്തിലുള്ള കാല എന്ന വാക്കും രോഗം എന്ന അർഥത്തിലുള്ള അസർ എന്ന വാക്കും ചേർന്നതാണ് കാലാ അസർ.
കാലാ അസാർ പ്രധാനമായും രണ്ടുതരത്തിലാണുള്ളത് .
ഒന്ന് ആന്തരികാവയവങ്ങളെ ബാധിക്കുന്നതാണ്. പനി, കരളിനും പ്ലീഹയ്ക്കും വീക്കം, വിളർച്ച, ശരീരഭാരം കുറയുക എന്നിവയാണ് ഇതിന്റെ ലക്ഷണം.
ചർമത്തെ മാത്രം ബാധിക്കുന്ന കാലാ അസറുമുണ്ട്. ഇത് മുഖത്തും കൈകാലുകളിലും മറ്റും കരിയാത്ത വ്രണങ്ങളുണ്ടാക്കും. കണ്ടാൽ കുഷ്ഠം പോലെ തോന്നുകയും ചെയ്യും. മുഖത്തും മറ്റും വ്യാപിക്കുന്ന തരം മുഖത്ത് വൈകൃതങ്ങളുണ്ടാക്കും.
കരിമ്പനി ഗുരുതരമായ അസുഖമാണെങ്കിലും യഥാസമയം ചികിത്സ തേടിയാൽ രണ്ടാഴ്ചകൊണ്ട് ഭേദമാകും. ചെള്ളുകളുടെ നിയന്ത്രണത്തിലൂടെയാണ് രോഗം പ്രതിരോധിക്കേണ്ടത്. ഇതിനായി കീടനാശിനികൾ സ്‌പ്രേ ചെയ്യാം. പൊതുവേയുള്ള ശുചിത്വം പ്രധാനമാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പുറത്തു കിടന്ന് ഉറങ്ങാതിരിക്കുക, മൃഗങ്ങളുമായി ഇടപഴകുമ്പോൾ വ്യക്തിശുചിത്വം പാലിക്കുക എന്നിവയും ശ്രദ്ധിക്കണം.
മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് രോഗം നേരിട്ടു പകരില്ല. രോഗിയെ കടിച്ച ചെള്ള് മറ്റൊരാളെ കടിക്കുന്നതുവഴി രോഗം പരക്കാം. രോഗം സ്ഥിരീകരിച്ച സ്ഥലത്ത് കൃത്യമായി ബോധവത്കരണം നടത്തുക, കൃത്യമായ പരിശോധന നടത്തുക, ചുറ്റുപാടുകൾ വൃത്തിയാക്കുക, കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങൾ ഒഴിവാക്കുക തുടങ്ങിയവയിലൂടെ രോഗം പ്രതിരോധിക്കാം. കൃത്യമായ ചികിൽസയിലൂടെ 95 ശതമാനം ഭേദമാക്കാനാകുന്ന അസുഖത്തിനെതിരെ അതീവ ജാഗ്രതയാണ് വേണ്ടത്









