വയനാട് : വെറ്റിനറി കോളേജ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്രൂരമായ റാഗിങ്ങ് നടന്നിരുന്നതായി റിപ്പോർട്ട് . വയനാട് പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥ് ആണ് ആത്മഹത്യ ചെയ്തത്. സിദ്ധാർത്ഥിനെ സഹപാഠികളായ വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചിരുന്നതായി ആന്റി റാഗിങ്ങ് കമ്മറ്റിയുടെ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് 12 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു.
പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥികളായ സൗദ് റിസാൽ, അമീൻ അക്ബർ, അമൽസാൻ, മുഹമ്മദ് ഡാനിഷ്, അഖിൽ, കാശിനാഥൻ, സിന്റോ ജോൺസൺ, ആസിഫ് ഖാൻ, അരുൺ കെ, അജയ്, ആദിത്യൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 18ന് ആയിരുന്നു ക്രൂരമായ റാഗിങ്ങിനെ തുടർന്ന് നെടുമങ്ങാട് സ്വദേശിയായ സിദ്ധാർത്ഥ് ജീവനൊടുക്കിയിരുന്നത്. ഹോസ്റ്റലിലെ ബാത്ത്റൂമിൽ തൂങ്ങിമരിച്ച നിലയിലാണ് സിദ്ധാർത്ഥിനെ കണ്ടെത്തിയിരുന്നത്.
സിദ്ധാർത്ഥിന്റെ മൃതദേഹത്തിൽ രണ്ടുദിവസത്തോളം പഴക്കമുള്ള പരിക്കുകൾ കണ്ടെത്തിയിട്ടുണ്ടായിരുന്നു. വിദ്യാർത്ഥിയുടെ ആത്മഹത്യ നടന്ന് നാല് ദിവസം പിന്നിട്ടിട്ടും കോളേജ് അധികാരികൾ വിഷയത്തിൽ മൗനം പാലിച്ചിരുന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതാണെന്ന് കെഎസ്‌യു ആരോപിച്ചു. സിദ്ധാർത്ഥിന്റെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.








