ചെന്നൈ : കമൽഹാസൻ നിർമ്മിച്ച് നടൻ ശിവകാർത്തികേയൻ മുഖ്യ വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ അമരന്റെ ടീസറിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം. മേജർ മുകുന്ദ് വരദരാജൻ്റെ ജീവിതകഥ പറയുന്ന ചിത്രമാണ് അമരൻ. ചിത്രത്തിന്റെ ടീസറിൽ മുസ്ലിങ്ങളെ അവഹേളിക്കുന്നു എന്ന് ആരോപിച്ചാണ് തമിഴ്നാട്ടിൽ പ്രതിഷേധങ്ങൾ നടക്കുന്നത്.
2014ലെ കശ്മീർ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജിന്റെ ജീവചരിത്രമാണ് അമരൻ. കമൽഹാസൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. രാജ്കുമാർ പെരിയ സ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സായ് പല്ലവിയാണ് ശിവകാർത്തികേയന്റെ നായികയായി എത്തുന്നത്. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിൽ മുസ്ലിം മത വിഭാഗത്തെ അവഹേളിക്കുന്നതാണ് ആരോപണമുയർന്നിട്ടുള്ളത്.
ഇന്ത്യൻ സൈനികരെയും മറ്റു ചില വ്യക്തികളെയും മുസ്ലിം വിഭാഗത്തിൽപ്പെട്ട ഒരു സംഘം പിടികൂടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന രംഗമാണ് ടീസറിൽ ഉള്ളത്. ഈ രംഗം മുസ്ലിങ്ങളെ അവഹേളിക്കുന്നതായി ആരോപിച്ച് കഴിഞ്ഞദിവസം വൈകിട്ട് തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധ റാലികൾ സംഘടിപ്പിച്ചു. കമൽഹാസനും ശിവകാർത്തികേയനും എതിരെ മുദ്രാവാക്യങ്ങൾ വിളിക്കുകയും കോലം കത്തിക്കുകയും ചെയ്ത പ്രതിഷേധക്കാർ ചിത്രം നിരോധിക്കണമെന്ന് തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.








