ചെന്നൈ: തമിഴ്‌നാട് ബി ജെ പി പ്രസിഡന്റ് അണ്ണാമലൈയുടെ നേതൃത്വത്തിൽ നടക്കുന്ന എൻ മണ്ണ് എൻ മക്കൾ യാത്ര, സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തെ തന്നെ മാറ്റിമറിക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര മന്ത്രി എൽ മുരുഗൻ.
ഇപ്പോൾ നടക്കുന്ന ഈ “എൻ മണ്ണ് എൻ മക്കൾ യാത്ര” സംസ്ഥാനത്ത് വളരെ വലിയ സ്വാധീനം ചെലുത്തും, ഈ യാത്ര തമിഴ്‌നാട് രാഷ്ട്രീയത്തെ തന്നെ മാറ്റിമറിക്കും. ബിജെപി ഇവിടെ വലിയ പങ്ക് വഹിക്കുവാൻ പോവുകയാണ് . പ്രധാനമന്ത്രി മോദിയുടെ കഴിഞ്ഞ പത്തുവർഷത്തെ നേട്ടങ്ങൾ ഈ യാത്രയിലൂടെ ഞങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ്. അതേ സമയം ഡിഎംകെയുടെ പരാജയവും ഞങ്ങൾ ജനങ്ങളിലേക്കെത്തിക്കും, അവർ നടത്തിയ ഒരു വാഗ്ദാനങ്ങളും ഡി എം കെ പാലിച്ചിട്ടില്ല എന്ന വസ്തുത ഞങ്ങൾ ജനങ്ങളിലേക്കെത്തിക്കും, കേന്ദ്രമന്ത്രി വ്യക്തമാക്കി.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരുമായി സംവദിക്കുന്നതിനാണ് ബിജെപി തമിഴ് നാട് ഘടകം മേധാവി അണ്ണാമലൈയുടെ നേതൃത്വത്തിൽ തമിഴ്‌നാട് ബിജെപി ‘എൻ മണ്ണ് , എൻ മക്കൾ’ (എൻ്റെ ഭൂമി, എൻ്റെ ആളുകൾ) പദയാത്ര നടത്തുന്നത്
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈയും ചേർന്ന് രാമേശ്വരത്ത് നിന്ന് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. പാർട്ടി നേതാവ് നരേന്ദ്ര മോദിയെ മൂന്നാം തവണയും പ്രധാനമന്ത്രിയായി അവരോധിക്കുക എന്നതും യാത്രയുടെ ലക്ഷ്യമാണ്. 94 ദിവസത്തിനുള്ളിൽ 200 മണ്ഡലങ്ങളിൽ യാത്ര നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. അണ്ണാമലൈ 1,770 കിലോമീറ്റർ കാൽനടയായും ഗ്രാമപ്രദേശങ്ങളിൽ ബാക്കിയുള്ള ദൂരം വാഹനത്തിലും സഞ്ചരിക്കും








