ഇംഫാൽ: മണിപ്പൂർ സർവ്വകലാശാലയിൽ സ്‌ഫോടനം. ഒരാൾ കൊല്ലപ്പെട്ടു. ഇന്നലെ രാത്രി രാത്രി ഒൻപതരയോടെ ക്യാമ്പസിനുള്ളിലെ ഓൾ മണിപ്പൂർ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫീസിനുള്ളിലായിരുന്നു സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
24 കാരനും സർവ്വകലാശാലയിലെ വിദ്യാർത്ഥിയുമായ ഒയിനം കെൻഗേ ആണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തിൽ കെൻഗേയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെയായിരുന്നു മരണം. കാൻഗെയുടെ സുഹൃത്തായ സലാം മൈക്കൾ ആണ് ചികിത്സയിൽ കഴിയുന്നത്. അജ്ഞാത സംഘം ഓഫീസിനുള്ളിലേക്ക് ബോംബ് എറിയുകയായിരുന്നുവെന്നാണ് ഓൾ മണിപ്പൂർ സ്റ്റുഡന്റ്‌സ് യൂണിയൻ പ്രവർത്തകർ പറയുന്നത്.
ഉഗ്രശബ്ദത്തോടെയായിരുന്നു സ്‌ഫോടനം. ശബ്ദം കേട്ട് ഉടനെ വിദ്യാർത്ഥികളും അവിടെയുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരും ഓഫീസിലേക്ക് എത്തുകയായിരുന്നു. ഇവരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സ്‌ഫോടന വിവരം അറിഞ്ഞയുടൻ പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. ആശുപത്രിയിൽ എത്തി പോലീസ് സലാം മൈക്കിളിന്റെ മൊഴിയെടുക്കും. സംഭവത്തിന്റ പശ്ചാത്തലത്തിൽ ക്യാമ്പസിനുള്ളിൽ കർശന സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. സ്‌ഫോടനത്തിൽ പോലീസ് കേസ് എടുത്തു.










