ലഖ്‌നൗ : ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി. ചികിത്സയിലുള്ള അഞ്ചുപേരുടെ നിലയും ഗുരുതരമായി തുടരുകയാണ്. അപകടത്തിൽപ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്ന ആറുമാസം പ്രായമുള്ള ഒരു കുഞ്ഞിനെ കുളത്തിൽ നിന്നും ഇതുവരെ കണ്ടെടുക്കാൻ ആയിട്ടില്ല.
സ്ത്രീകളും കുട്ടികളും അടക്കം 52 പേർ സഞ്ചരിച്ചിരുന്ന വാഹനമാണ് കുളത്തിലേക്ക് മറിഞ്ഞത്. ഇറ്റാഹ് ജില്ലയിലുള്ളവരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നവർ. ആറുമാസം പ്രായമായ കുഞ്ഞിന്റെ തല മൊട്ടയടിക്കുന്നതിനുള്ള ചടങ്ങിനായി കാദർഗഞ്ച് ഗംഗ ഘട്ടിലേക്ക് യാത്ര ചെയ്തിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. പട്യാലി-ദാരിയാവ്ഗഞ്ച് റോഡിൽ വച്ച് കക്രല ഗ്രാമത്തിലെ കുളത്തിലേക്കാണ് വാഹനം മറിഞ്ഞുവീണത്.
അപകടത്തിൽപ്പെട്ട ആറുമാസം പ്രായമുള്ള കുട്ടിയെ കണ്ടെടുക്കുന്നതിനായി ഇപ്പോൾ കുളത്തിലെ വെള്ളം വറ്റിച്ചു കൊണ്ടിരിക്കുകയാണ്. ജയ്താര സ്വദേശിയായ ഗൗരവ് എന്ന കുഞ്ഞിനെയാണ് കുളത്തിൽ നിന്നും കണ്ടെടുക്കാനുള്ളത്. ഗ്രാമവാസികളും പോലീസും അഗ്നിരക്ഷാസേനയും അപകടത്തിൽ കുളത്തിൽ വീണവരെ കരയ്ക്ക് കയറ്റുന്ന ദൗത്യത്തിൽ പങ്കാളികളായി.









