ന്യൂഡൽഹി : കേന്ദ്രസർക്കാരിന്റെ അഭിമാന പദ്ധതിയായ സമർപ്പിത ചരക്ക് ഇടനാഴി (DFC ) മാർച്ച് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും. ഈസ്റ്റേൺ ഡെഡിക്കേറ്റഡ് ചരക്ക് ഇടനാഴി, വെസ്റ്റേൺ ഡെഡിക്കേറ്റഡ് ചരക്ക് ഇടനാഴി എന്നിങ്ങനെ രണ്ടു ഭാഗങ്ങളായാണ് സമർപ്പിത ചരക്ക് ഇടനാഴി പൂർത്തിയാക്കിയിട്ടുള്ളത്. രാജ്യത്തെ ഒൻപത് സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചരക്ക് ഇടനാഴിയുടെ ഉദ്ഘാടനം മാർച്ച് രണ്ടിന് പ്രയാഗ് രാജിലെ പരേഡ് ഗ്രൗണ്ടിൽ വച്ചായിരിക്കും പ്രധാനമന്ത്രി നിർവഹിക്കുക.
1.25 ലക്ഷം കോടി രൂപ ചെലവിട്ടാണ് സമർപ്പിത ചരക്ക് ഇടനാഴിയുടെ നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്. 2,843 കിലോമീറ്റർ ദൈർഘ്യത്തിൽ 9 സംസ്ഥാനങ്ങളിലായി 77 ജില്ലകളിൽ വ്യാപിച്ചു കിടക്കുന്നതാണ് സമർപ്പിത ചരക്ക് ഇടനാഴി. ഇന്ത്യൻ റെയിൽവേ ഇതുവരെ ഏറ്റെടുത്തിട്ടുള്ള ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇത്. 11000 ഹെക്ടർ ഭൂമിയാണ് ഈ പദ്ധതിക്കായി കേന്ദ്രസർക്കാർ ഏറ്റെടുത്തിരുന്നത്.
നിലവിലെ ഇന്ത്യൻ റെയിൽവേ സംവിധാനത്തിൽ പാസഞ്ചർ ട്രെയിനുകളും ചരക്ക് തീവണ്ടികളും ഒരേ റെയിൽ ട്രാക്കിലൂടെയാണ് സഞ്ചാരം നടത്തുന്നത്. ഇത് പലപ്പോഴും റെയിൽ പാതകളിലെ തിരക്കിനും ചരക്ക് തീവണ്ടികൾ പിടിച്ചിടുന്നതിനും ഇടയാക്കാറുണ്ട്. എല്ലായ്പ്പോഴും ചരക്ക് തീവണ്ടികളെക്കാൾ പാസഞ്ചർ തീവണ്ടികൾക്ക് മുൻഗണന നൽകുന്നതിനാൽ രാജ്യത്തെ ചരക്ക് നീക്കത്തിന്റെ വേഗത സാവധാനത്തിൽ ആവുന്നതാണ് പതിവ്. എന്നാൽ സമർപ്പിത ചരക്ക് ഇടനാഴി യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്തെ ചരക്ക് നീക്കത്തിന് തടസ്സമില്ലാത്തതും വേഗതയേറിയതുമായ സംവിധാനം ഉറപ്പുവരുത്താൻ കഴിയുന്നതാണ്.
Discussion about this post