തിരുവനന്തപുരം : 2024 ലോക്സഭ തെരഞ്ഞെടുപ്പിന് കേരളത്തിൽ നിന്നും മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് മുസ്ലീം ലീഗ്. മൂന്നാം സീറ്റ് സംബന്ധിച്ച കാര്യത്തിൽ തീരുമാനം ഇനിയും നീട്ടിക്കൊണ്ട് പോകാൻ കഴിയില്ലെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം വ്യക്തമാക്കി. ഇക്കാര്യത്തിൽ നാളെത്തന്നെ തീരുമാനം ഉണ്ടാകണമെന്നും പി എം എ സലാം അറിയിച്ചിട്ടുണ്ട്.
“ലോക്സഭയിലേക്ക് മൂന്നാം സീറ്റ് മാത്രമാണ് ലീഗ് ചോദിച്ചിട്ടുള്ളത്. രാജ്യസഭയിലേക്ക് സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. പാർട്ടിയുടെ തീരുമാനം യുഡിഎഫ് യോഗത്തിൽ പറഞ്ഞിട്ടുണ്ട്. കോൺഗ്രസുമായി സൗഹാർദ്ദ ബന്ധമാണ് ലീഗിനുള്ളത്. സീറ്റ് കിട്ടാത്ത പ്രശ്നമില്ല, ശുഭപ്രതീക്ഷയുണ്ട്. 20 സീറ്റുകളിൽ ഏത് സീറ്റിൽ വേണമെങ്കിലും ലീഗിന് മത്സരിക്കാം” എന്നും പി എം എ സലാം വ്യക്തമാക്കി.
പൊന്നാനിയിലെ എൽഡിഎഫിന്റെ സ്ഥാനാർത്ഥിനിർണയം മുസ്ലീം ലീഗിന് സഹായകരമാണെന്നും പി എം എ സലാം വ്യക്തമാക്കി. ലീഗിന്റെ മൂന്നാം സീറ്റിനെ കുറിച്ച് ഇടത് നേതാക്കൾ നടത്തുന്ന പരാമർശങ്ങളെ കുറിച്ച് ഇപ്പോൾ ഒന്നും പറയാനില്ലെന്നും സലാം സൂചിപ്പിച്ചു. അതേസമയം ലീഗിന്റെ മൂന്നാം സീറ്റിനുള്ള ആവശ്യം സമവായത്തിലൂടെ പരിഹരിക്കാം എന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കിയത്.
Discussion about this post