ജയ്പൂർ: രാജസ്ഥാനിൽ സരസ്വതി ദേവിയെ അവഹേളിച്ച അദ്ധ്യാപികയ്ക്ക് സസ്‌പെൻഷൻ. ബാരൻ ജില്ലയിലാണ് സംഭവം. പ്രൈമറി സ്‌കൂൾ അദ്ധ്യാപികയായ ഹേമതല ബൈർവയ്‌ക്കെതിരെയാണ് നടപടി.
വിദ്യാഭ്യാസ മന്ത്രി മദൻ ദിൽസാറിന്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു സസ്‌പെൻഷൻ. മന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെ അദ്ധ്യാപികയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നതായി അറിയിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണ വിധേയമായിട്ടാണ് സസ്‌പെൻഷൻ എന്നാണ് ഉത്തരവിൽ പറയുന്നത്.
റിപ്പബ്ലിക് ദിനാഘോഷപരിപാടിയിൽ ഗാന്ധിജിയുടെ ചിത്രത്തിനൊപ്പം നാട്ടുകാർ സരസ്വതി ദേവിയുടെ ചിത്രവും സ്ഥാപിച്ചിരുന്നു. എന്നാൽ ഇത് എടുത്ത് നീക്കാൻ ഹേമതല ആവശ്യപ്പെടുകയായിരുന്നു. പ്രദേശവാസികൾ ഇത് എതിർത്തു. ഇതോടെ സരസ്വതി ദേവി വിദ്യാഭ്യാസത്തിനായി ഒന്നും ചെയ്തില്ലെന്ന് അദ്ധ്യാപിക അവരോട് പറയുകയായിരുന്നു.
സംഭവത്തിൽ സ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളും പ്രദേശവാസികളും ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇതേ തുടർന്നാണ് അദ്ധ്യാപികയ്‌ക്കെതിരെ നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ മന്ത്രി ഉത്തരവിട്ടത്. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചിട്ടുണ്ട്. ചിലർ അവർ വലിയ ബുദ്ധിമാനാണെന്ന് ധരിക്കും. അതുകൊണ്ടാണ് സരസ്വതി ദേവി എന്ത് സംഭാവനയാണ് വിദ്യാഭ്യാസത്തിന് നൽകിയത് എന്ന് ചോദിക്കാൻ തോന്നുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Discussion about this post