റായ്പൂർ: ഛത്തീസ്ഗഡിൽ ഉണ്ടായ ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷ സേന. കാങ്കർ ജില്ലയിലാണ് സംഭവം. ഏറ്റുമുട്ടലിൽ മൂന്ന് കമ്മ്യൂണിസ്റ്റ് ഭീകരരെയാണ് വധിച്ചത്. രാവിലെയായിരുന്നു ഏറ്റുമുട്ടൽ നടന്നത്.
കമ്യൂണിസ്റ്റ് ഭീകരരുടെ സംഘം കൂടിചേരുന്നതായുള്ള വിവരം പോലീസിന് ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് കൊയാലിബെഡ വനപ്രദേശത്ത് പരിശോധന നടത്തിയത്. ഉദ്യോഗസ്ഥരെ കണ്ടതോടെ കമ്മ്യൂണിസ്റ്റ് ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതിൽ സുരക്ഷ സേന തിരിച്ചടിച്ചപ്പോഴാണ് ഭീകരർ കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് കൂടുതൽ തിരച്ചിൽ നടത്തുകയും ചെയ്തു.
മരണപ്പെട്ട കമ്യൂണിസ്റ്റ് ഭീകരുടെ ഒളിത്താവളത്തിൽ നിന്നും വെടിക്കോപ്പുകൾ ഉൾപ്പെടെയുള്ള ആയുധ ശേഖരങ്ങൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. കൊല്ലപ്പെട്ട കമ്യൂണിസ്റ്റ് ഭീകരരെ ഇനിയും തിരിച്ചറിഞ്ഞട്ടില്ല. വരും ദിവസങ്ങളിലും പ്രദേശത്ത് സുരക്ഷയും പരിശോധനയും ശക്തമാക്കാനാണ് തീരുമാനമെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സുക്മ ജില്ലയിൽ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു കമ്മ്യൂണിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ടിരുന്നു. ഡിആർജി ജവാൻമാരും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് കമ്മ്യൂണിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ടത് . രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിആർജി പ്രദേശത്ത് പരിശോധന നടത്തിയത്.
Discussion about this post