ന്യൂഡൽഹി : ഗുജറാത്തിലെ ദേശീയ പാത 56 ന്റെ രണ്ട് ഭാഗങ്ങൾ നാലുവരിയാക്കുന്നതിന് 4,583 കോടി രൂപ അനുവദിച്ച് കേന്ദ്ര മന്ത്രിസഭായോഗം. ആദിവാസി ആധിപത്യമുള്ള ജില്ലകളിലേക്കുള്ള പ്രവേശനക്ഷമത വർദ്ധിപ്പിക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കൂടാതെ ഈ പദ്ധതി വഴി സ്റ്റാച്യു ഓഫ് യൂണിറ്റി പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുകയും ചെയ്യും. പദ്ധതി പൂർത്തിയായാൽ യാത്രാ സമയത്തിൽ ഗണ്യമായ കുറവുണ്ടാകുന്നതാണ്.
ഗുജറാത്തിലെ ഈ പദ്ധതി കൂടാതെ അസമിൽ ബ്രഹ്മപുത്രയ്ക്ക് കീഴിൽ ഒരു റോഡ്-കം-റെയിൽ ടണൽ പദ്ധതിക്കും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. നിലവിലുള്ള, ദൈർഘ്യമേറിയ, സർക്യൂട്ട് റൂട്ടിന് ബദലായി ഗോഹ്പൂരിനെയും നുമാലിഗഡിനെയും ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് ഇത് തന്ത്രപരമായും സാമ്പത്തികമായും പ്രധാനമാണ്. പദ്ധതി വേഗത്തിലുള്ള കണക്റ്റിവിറ്റി വ്യാപാരം, വ്യവസായം, ടൂറിസം എന്നിവയെ ഉത്തേജിപ്പിക്കുകയും ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ പദ്ധതിയാണിത്.









