ഗാന്ധിനഗർ: അംബാനി കുടുംബത്തിൽ വിവാഹാഘോഷങ്ങൾ ആരംഭിച്ചു. ജൂലൈ 14നാണ് മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകനായ ആനന്ദ് അംബാനിയുടെ വിവാഹം. വിവാഹത്തിന് മുന്നോടിയായി ഗുജറാത്തിൽ പതിനാലോളം ക്ഷേത്രങ്ങൾ നിർമ്മിക്കാൻ ഒരുങ്ങുകയാണ് അംബാനി കുടുംബം. ഗുജറാത്തിലെ ജാംനഗറിലെ ക്ഷേത്ര സമുച്ചയത്തിലാണ് ക്ഷേത്രങ്ങൾ നിർമ്മിക്കുന്നത്.
നിത അംബാനി നേരിട്ടെത്തി നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ചിത്രങ്ങൾ ഇതിനകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായികഴിഞ്ഞു. ഇന്ത്യയുടെ പാരമ്പര്യവും പൈതൃകവും അനുസരിച്ചായിരിക്കും ക്ഷേത്രങ്ങളുടെ നിർമ്മാണം. പ്രഗത്ഭരായ ശിൽപ്പികളാണ് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. ഇന്ത്യൻ സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിനാണ് ക്ഷേത്രങ്ങൾ നിർമ്മിക്കുന്നതെന്ന് റിലയൻസ് ഗ്രൂപ്പ് വ്യക്തമാക്കുന്നു. സങ്കീർണമായ കൊത്തുപണികളുള്ള തൂണുകൾ, ശിൽപ്പങ്ങൾ, ഫ്രെസ്കോ ശൈലിയിലുള്ള പെയ്ന്റിംഗുകൾ എന്നിവ ക്ഷേത്രത്തിലുണ്ടാകും. ചിത്രകലയെയും വാസ്തുകലയെയും ആസ്പദമാക്കി മികച്ച രൂപഭംഗിയോടെയായിരിക്കും ക്ഷേത്രം ഉയരുക.
മാർച്ച് ഒന്നിനാണ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്രീ വെഡ്ഡിംഗ് ആഘോഷങ്ങൾ ആരംഭിക്കുക. ആഘോഷത്തിനായി 9 പേജുള്ള ഇവന്റ് ഗൈഡാണ് തയ്യാറാക്കിയിരിക്കുന്നത്. വ്യത്യസ്തമായ തീമുകളിലായിരിക്കും ആഘോഷം നടക്കുക. ജാംനഗറിലാണ് പരിപാടി നടക്കുക. അതിഥികൾക്കായി ഹെയർ സ്റ്റൈലിസ്റ്റ്, സാരി ഡ്രേപ്പർ, മേക്കപ്പ് ആർട്ടിസ്റ്റ് എന്നിവരെയും ഒരുക്കിയിട്ടുണ്ട്.
Discussion about this post