ഇന്ത്യൻ ഗുസ്തി താരം ഗുർവ് സിഹ്റയോടൊപ്പം ഇതിഹാസ താരം ജോൺ സീന ജിം സെഷനിൽ വച്ച് ഹിന്ദി പാട്ടുപാടുന്ന വീഡിയോ വൈറലായി മാറുന്നു. ഷാരൂഖ് ഖാന്റെ ദിൽതോ പാഗൽ ഹേ എന്ന ചിത്രത്തിലെ ‘ബോലി സി സൂറത്ത്’ എന്ന ഗാനമാണ് ജോൺ സീന പാടിയിരുന്നത്. നിമിഷങ്ങൾ കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയ ഈ വീഡിയോയിൽ സാക്ഷാൽ കിംഗ് ഖാൻ തന്നെ അഭിപ്രായം രേഖപ്പെടുത്തുകയും റിട്വീറ്റ് ചെയ്യുകയും ചെയ്തു.
ജോൺ സീന ഷാരൂഖ് ഖാന്റെ വലിയ ആരാധകൻ ആണെന്ന് പറഞ്ഞുകൊണ്ടാണ് ഗുർവ് സിഹ്‌റ വീഡിയോ ആരംഭിച്ചിരുന്നത്. തുടർന്ന് ഇരുവരും ചേർന്ന് ‘ബോലി സി സൂറത്ത്’ എന്ന പാട്ട് പാടുകയായിരുന്നു. ഈ വീഡിയോ റീട്വീറ്റ് ചെയ്തു കൊണ്ട് ഷാരൂഖ് ഖാൻ കുറിച്ച വാക്കുകളും ഏറെ ശ്രദ്ധേയമായിരുന്നു. “ഇരുവർക്കും നന്ദി… ഇതെനിക്ക് ഇഷ്‌ടപ്പെട്ടു. നിങ്ങളോടും ഒരുപാട് ഇഷ്ടം @JohnCena. എൻ്റെ ഏറ്റവും പുതിയ ഗാനങ്ങൾ ഞാൻ നിങ്ങൾക്ക് അയയ്‌ക്കും, നിങ്ങൾ രണ്ടുപേരും ചേർന്നുള്ള ഒരു ഡ്യുയറ്റ് വീണ്ടും എനിക്ക് വേണം!!! ഹ ഹ.” എന്നാണ് ഷാരൂഖ് ഖാൻ ജോൺ സീനയുടെ വീഡിയോ റീട്വീറ്റ് ചെയ്തുകൊണ്ട് പറഞ്ഞത്.
ഷാരൂഖ് ഖാന്റെ വാക്കുകൾക്ക് നന്ദി അറിയിച്ചുകൊണ്ട് ജോൺ സീനയും കമന്റ് രേഖപ്പെടുത്തി. “ഈ ലോകത്തുള്ള ഒരുപാട് പേർക്ക് നിങ്ങൾ വളരെയേറെ സന്തോഷം നൽകുന്നുണ്ട്. നിങ്ങൾ ചെയ്യുന്ന എല്ലാത്തിനും നന്ദി” എന്നാണ് ജോൺ സീന ഷാരൂഖ് ഖാന്റെ വാക്കുകൾക്ക് നന്ദി അറിയിച്ചത്.
Discussion about this post