ഡല്‍ഹി: ബി.എസ്.പി നേതാവ് മായാവതിയുടെ കാല് പിടിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പാര്‍ട്ടി നേതാവിന് പണികിട്ടി. ഉത്തര്‍ പ്രദേശിലെ ബിഎസ്പി നേതാവും അതരൗലിയ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകാന്‍ തയ്യാറെടുക്കുകയും ചെയ്യുന്ന സംഗീത ചൗധരിയാണ് ചിത്രം പോസ്റ്റ് ചെയ്ത് വെട്ടിലായത്.
ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ അവരുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിച്ചുകൊണ്ട് പാര്‍ട്ടി ഉന്നതങ്ങളില്‍ നിന്ന് ഉത്തരവും വന്നു. 2017ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംഗീത ചൗധരി, അതരൗലിയ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകുമെന്ന് മായാവതി തന്നെയാണ് പ്രഖ്യാപിച്ചത്. നേരത്തെ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്ന സംഗീതയുടെ ഭര്‍ത്താവ് 2015ല്‍ വെടിയേറ്റു മരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് രണ്ടുവര്‍ഷം മുന്നേ സംഗീതയുടെ സ്ഥാനാര്‍ഥിത്വം മായാവതി പ്രഖ്യാപിച്ചത്.
കഴിഞ്ഞ ദിവസം സംഗീത മായാവതിയ സന്ദര്‍ശിച്ചപ്പോഴാണ് മായാവതിയുടെ കാല് പിടിച്ചുകൊണ്ടുള്ള ചിത്രമെടുത്തത്. വീട്ടിലെത്തിയശേഷം സംഗീത ചിത്രം ഫേസ്ബുക്കിലിടുകയും ചെയ്തു മായാവതിക്കും സംഗീതയ്ക്കും നേരെ ഒട്ടേറെ വിമര്‍ശനമുണ്ടായി.
മായാവതി തന്റെ കൂടെയുണ്ടെന്നും തെരഞ്ഞെടുപ്പില്‍ വിജയം സുനിശ്ചിതമാണെന്നും കാണിക്കാനായിരുന്നു ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് എന്നാണ് സംഗീത പറയുന്നത്. എന്നാല്‍, പാര്‍ട്ടിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ളതാണ് ചിത്രം എന്ന വിലയിരുത്തലിനെ തുടര്‍ന്ന് സംഗീതയുടെ സ്ഥാനാര്‍ഥിത്വം ബിഎസ്പി ഉടനടി പിന്‍വലിക്കുകയായിരുന്നു.
Discussion about this post