സിഡ്നി : 120 വർഷങ്ങൾക്കു മുൻപ് 32 ജീവനക്കാരോടൊപ്പം സമുദ്രത്തിൽ അപ്രത്യക്ഷമായ നിഗൂഢ കപ്പൽ ഒടുവിൽ ഓസ്ട്രേലിയൻ തീരത്തു നിന്നും കണ്ടെത്തി. സമുദ്രത്തിനിടയിൽ പര്യവേക്ഷണങ്ങൾ നടത്തിയിരുന്ന മറൈൻ സർവീസസ് അംഗമാണ് ഒരു നൂറ്റാണ്ടിലേറെ കാലത്തിനുശേഷം കാണാതായ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
1904 ജൂലൈയിൽ ഓസ്ട്രേലിയയിലെ മെൽബണിലേക്ക് കൽക്കരി കൊണ്ടുപോയിരുന്ന എസ് എസ് നെമസിസ് എന്ന ചരക്ക് കപ്പലാണ് 120 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയിരിക്കുന്നത്. 1904ൽ ഉണ്ടായ ശക്തമായ കൊടുങ്കാറ്റിൽ അകപ്പെട്ടതിനെ തുടർന്നാണ് 32 ജീവനക്കാരും അടക്കം കപ്പൽ സമുദ്രത്തിൽ അപ്രത്യക്ഷമായിരുന്നത്. അപകടമുണ്ടായി ആഴ്ചകൾക്ക് ശേഷം സിഡ്നിയിലെ വിവിധ ബീച്ചുകളിൽ നിന്ന് കപ്പലിലെ ജീവനക്കാരുടെ ശവശരീരങ്ങൾ കണ്ടെത്തിയിരുന്നെങ്കിലും കപ്പൽ സമുദ്രത്തിൽ എവിടെ മറഞ്ഞു പോയെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
2022ൽ കപ്പൽ അപകടത്തെത്തുടർന്ന് സമുദ്രത്തിൽ നഷ്ടപ്പെട്ട ചരക്കുകൾക്കായി റിമോട്ട് സെൻസിംഗ് കമ്പനിയായ സബ്സി പ്രൊഫഷണൽ മറൈൻ സർവീസസിലെ പര്യവേക്ഷകർ സിഡ്നി തീരത്ത് സമുദ്രത്തിന്റെ അടിത്തട്ടിൽ നടത്തിയ തിരച്ചിലിനിടെ ആകസ്മികമായാണ് 120 വർഷങ്ങൾക്കു മുൻപ് നഷ്ടപ്പെട്ട കപ്പൽ കണ്ടെത്തിയത്. തീരത്തു നിന്നും 16 മൈൽ അകലെ 525 അടി വെള്ളത്തിനടിയിൽ ആയാണ് കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
Discussion about this post