മുംബൈ: ഷീനാ ബോറ കേസുമായി ബന്ധപ്പെട്ട ഡോക്യുമെന്റ് സീരിസിന്റെ സംപ്രേഷണത്തിന് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിന് അനുമതി. സിബിഐ നൽകിയ ഹർജി തള്ളിക്കൊണ്ട് മുംബൈ ഹൈക്കോടതിയാണ് നെറ്റ്ഫ്‌ളിക്‌സിന് അനുമതി നൽകിയത്. ഡോക്യുമെന്ററി സീരിസിന്റെ സംപ്രേഷണം തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു സിബിഐ ഹൈക്കോടതിയെ സമീപിച്ചത്.
ദി ഇന്ദ്രാണി മുഖർജീ സ്റ്റോറി: ബറീഡ് ട്രൂത്ത് എന്ന പേരിലാണ് ഡോക്യുമെന്ററി സീരിസ്. ഇതിൽ ഷീനാ ബോറയുടെ തിരോധാനവും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ മാസം 23 ന് ഡോക്യുമെന്ററി സീരിസുകളാക്കി സംപ്രേഷണം ചെയ്യാൻ ആയിരുന്നു തീരുമാനം. എന്നാൽ സിബിഐ കോടതിയെ സമീപിക്കുകയായിരുന്നു.
ഡോക്യുമെന്ററി പുറത്തിറങ്ങിയാൽ അത് കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ കോടതിയെ സമീപിച്ചത്. ആദ്യം മുംബൈയിലെ കോടതിയിൽ ആയിരുന്നു ഹർജി നൽകിയത്. എന്നാൽ ഹർജി കോടതി തള്ളുകയായിരുന്നു. ഇതേ തുടർന്നാണ് ഹൈക്കോടതിയിൽ സിബിഐ ഹർജി നൽകിയത്. ഡോക്യുമെന്ററിയുടെ സംപ്രേഷണം തടയുകയോ തിയതി നീട്ടിവയ്ക്കുകയോ ചെയ്യണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. അനുകൂല ഉത്തരവ് വന്ന പശ്ചാത്തലത്തിൽ ഈ മാസം 29 ന് ഡോക്യുമെന്ററി നെറ്റ്ഫ്‌ളിക്‌സ് സംപ്രേഷണം ചെയ്യും.









