ന്യൂഡൽഹി: അർദ്ധചാലകങ്ങളുടെയും ഡിസ്പ്ലേ മാനുഫാക്ചറിംഗ് ഇക്കോസിസ്റ്റങ്ങളുടെയും സ്വയംപര്യാപ്തതയ്ക്കായി തയ്യാറെടുക്കുകയാണ് ഇന്ത്യ. മോദി സർക്കാർ ഇന്ത്യക്കായി മൂന്ന് അർദ്ധചാലക യൂണിറ്റുകളാണ് സ്ഥാപിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം പദ്ധതിക്ക് അംഗീകാരം നൽകി.
അടുത്ത മൂന്ന് മാസത്തിനുള്ളിൽ തന്നെ മൂന്ന് അർദ്ധചാലക യൂണിറ്റുകളുടെ നിർമ്മാണം ആരംഭിക്കും. ഗുജറാത്തിലും, അസമിലും ആയാണ് നിർമ്മാണ ഫാക്ടറികൾ സ്ഥാപിക്കുന്നത്. 1.26 ലക്ഷം കോടി രൂപ മുതൽമുടക്കിലാണ് കേന്ദ്രസർക്കാർ ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പൂർത്തിയായാൽ ഒരു ലക്ഷത്തോളം പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് വ്യാഴാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഇന്ത്യയിലെ തന്നെ ആദ്യത്തെ വാണിജ്യ സെമികണ്ടക്ടർ ഫാബ് ടാറ്റയും പവർചിപ്പുമാണ് സ്ഥാപിക്കുന്നത്. പ്രതിവർഷം 300 കോടി ചിപ്പുകൾ ആണ് ഇതുവഴി ഇന്ത്യയ്ക്ക് സ്വന്തമായി നിർമിക്കാൻ കഴിയുക. ഗുജറാത്തിലെ ധോലേരയിലെ നിക്ഷേപം 91,000 കോടിയും അസം യൂണിറ്റിലെ നിക്ഷേപം 27,000 കോടിയും ഗുജറാത്തിലെ സാനന്ദ് യൂണിറ്റിലെ നിക്ഷേപം 7,600 കോടിയും ആയാണ് പദ്ധതിക്ക് രൂപകല്പന നൽകിയിട്ടുള്ളത്.
ഈ യൂണിറ്റുകൾ നിർമ്മാണം പൂർത്തിയാകുന്നതോടെ 20,000ത്തിലേറെ നൂതന സാങ്കേതിക ജോലികൾക്ക് നേരിട്ടും 60,000ത്തിലേറെ പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുന്നതാണ് . ഡൗൺസ്ട്രീം ഓട്ടോമോട്ടീവ്, ഇലക്ട്രോണിക്സ് നിർമ്മാണം, ടെലികോം നിർമ്മാണം, വ്യാവസായിക ഉൽപ്പാദനം, മറ്റ് അർദ്ധചാലക ഉപഭോഗ വ്യവസായങ്ങൾ എന്നീ മേഖലകളിൽ ആയിരിക്കും അർദ്ധചാലക യൂണിറ്റുകൾ വഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുക.
Discussion about this post