ഒക്ടോബർ 19 ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ എല്ലാ കണ്ണുകളും വിരാട് കോഹ്‌ലിയിലായിരിക്കും. 36 കാരനായ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഈ വർഷം ആദ്യം ചാമ്പ്യൻസ് ട്രോഫിയിലാണ് അവസാനമായി ടീമിനായി കളിച്ചത്. ടെസ്റ്റിൽ നിന്നും ടി20യിൽ നിന്നും വിരമിച്ച സാഹചര്യത്തിൽ കോഹ്‌ലി ഇപ്പോൾ ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്. പരമ്പരയ്ക്ക് മുമ്പ്, മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി തന്റെ ക്യാപ്റ്റൻസി കാലത്ത് കോഹ്‌ലി സ്വന്തം സഹതാരങ്ങളെ എങ്ങനെ വിമർശിക്കുമായിരുന്നുവെന്ന് ഓർമ്മിപ്പിച്ചു.
LiSTNR സ്‌പോർട്‌സ് പോഡ്‌കാസ്റ്റിൽ സംസാരിക്കവേ, ക്യാപ്റ്റനായിരുന്ന സമയത്ത് കോഹ്‌ലി സഹതാരങ്ങളുടെ ഫിറ്റ്‌നസില്‍ അതീവ ശ്രദ്ധയും കണിശതയും പുലർത്തിരുന്നു എന്ന് ശാസ്ത്രി പറഞ്ഞു. കളിക്കളത്തില്‍ തെറ്റുചെയ്യുന്ന താരങ്ങളെ കോഹ്‌ലി തല്ലാന്‍ വരെ മുതിര്‍ന്നിട്ടുണ്ടെന്നും പലപ്പോഴും താനാണ് പിടിച്ചുമാറ്റിയിരുന്നതെന്നും ശാസ്ത്രി പറഞ്ഞു.
” കോഹ്‌ലിക്കൊപ്പം വിക്കറ്റിനിടയിലൂടെ ഓടുമ്പോള്‍ നിങ്ങള്‍ക്ക് മടിയുണ്ടെങ്കില്‍ അദ്ദേഹം വളരെ പെട്ടെന്ന് കണ്ടുപിടിക്കും. രണ്ടാം റണ്ണിനായി നിങ്ങള്‍ ഓടുമ്പോള്‍ സ്വാഭാവികമായും നിങ്ങള്‍ കിതയ്ക്കുന്നുണ്ടാവും. കോഹ്‌ലി മൂന്നാം റണ്ണിന് ഓടുമ്പോള്‍ നിങ്ങള്‍ അപ്പോഴും രണ്ടാമത്തെ റണ്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടാവില്ല. അപ്പോൾ തന്നെ ‘ജിമ്മിൽ പോയി ഫിറ്റാകാൻ കോഹ്‌ലി പറയും'” ശാസ്ത്രി പറഞ്ഞു.
“ചിലപ്പോൾ, എനിക്ക് അവനെ ശാന്തനാക്കേണ്ടി വന്നിട്ടുണ്ട്. ഒരു വിക്കറ്റ് വീണാൽ, അവൻ സീറ്റിൽ നിന്ന് ചാടിയെഴുന്നേൽക്കും. ഞാൻ പറയും, ‘ശാന്തമാകൂ. അവന്‍ വിക്കറ്റിന്റെ അടുത്തുള്ളപ്പോള്‍ അങ്ങോട്ട് പോകേണ്ട ഇങ്ങ് വന്ന് ബൗണ്ടറി ലൈന്‍ ഒന്ന് കഴിയട്ടെ എന്ന്. ചൂടുള്ള തകര മേൽക്കൂരയിൽ കയറി നിൽക്കുന്ന പൂച്ചയെപ്പോലെയായിരുന്നു അവൻ. ദേഷ്യം വന്നാൽ ആരെയും അടിക്കാൻ തയാറാകും. അതാണ് വിരാട്,” അദ്ദേഹം കൂട്ടിച്ചേർത്തു
Discussion about this post