അഫ്ഗാനിസ്ഥാനുമായുള്ള തർക്കത്തിന് ഇന്ത്യയെ പഴിചാരുന്ന പാകിസ്താന് ചുട്ടമറുപടിയുമായി ഇന്ത്യ. എന്തിനും ഏതിനും ഇന്ത്യയെ പഴിചാരുന്ന പാകിസ്താൻ നിലപാടിനെതിരെ വിദേശകാര്യമന്ത്രാലയമാണ് രംഗത്തെത്തിയത്. സ്വന്തം ആഭ്യന്തര പരാജയങ്ങൾക്ക് അയൽക്കാരെ കുറ്റപ്പെടുത്തുന്നത് പാകിസ്താന്റെ പണ്ടേയുള്ള ശീലമാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. പാകിസ്താൻ ഭീകരവാദത്തിന് അഭയംനൽകുന്നത് പരക്കെ അറിയാവുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് കാര്യങ്ങൾ വ്യക്തമാണ്. ഒന്ന്, പാകിസ്താൻ ഭീകര സംഘടനകൾക്ക് താവളമൊരുക്കുകയും ഭീകരപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. രണ്ട്, സ്വന്തം ആഭ്യന്തര പരാജയങ്ങൾക്ക് അയൽക്കാരെ കുറ്റപ്പെടുത്തുന്നത് പാകിസ്താന്റെ പണ്ടേയുള്ള ശീലമാണ്. മൂന്ന്, അഫ്ഗാനിസ്താൻ സ്വന്തം പ്രദേശങ്ങളിൽ പരമാധികാരം പ്രയോഗിക്കുന്നതിൽ പാകിസ്താൻ രോഷാകുലരാണ്’ -രൺധീർ ജയ്സ്വാൾ പറഞ്ഞു. അഫ്ഗാനിസ്താന്റെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും സ്വാതന്ത്ര്യത്തിനും ഇന്ത്യ പൂർണമായി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
അഫ്ഗാനിസ്ഥാൻ ഇന്ത്യയുടെ നിഴൽ യുദ്ധമാണ് നടത്തുന്നതെന്നാണ് പാകിസ്താൻ പ്രതിരോധമന്ത്രി ഖവാജ ആസിഫ് ആരോപിച്ചത്. തീരുമാനങ്ങൾ എടുക്കുന്നത് അഫ്ഗാനിസ്ഥാനിലല്ല, ഇന്ത്യയിലാണെന്ന് ഖവാജ ആസിഫ് പറയുന്നു.താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി അടുത്തിടെ നടത്തിയ ആറ് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനിടെ ചില പദ്ധതികൾ തയ്യാറാക്കിയെന്നും പാക് മന്ത്രി ആരോപിച്ചു. അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യൻ സന്ദർശനം ഔദ്യോഗികമായി വ്യാപാരത്തിലും ഉഭയകക്ഷി ബന്ധങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതായിരുന്നുവെങ്കിലും, ഇതിന് മറ്റ് ലക്ഷ്യങ്ങളുണ്ടായിരുന്നുവെന്നാണ് പാക് മന്ത്രി ആരോപിക്കുന്നു.
താലിബാൻ ഇന്ത്യയുടെ പിന്തുണയോടെ പ്രവർത്തിക്കുന്നതിനാൽ, വെടിനിർത്തൽ നിലനിൽക്കുമെന്ന് എനിക്ക് സംശയമുണ്ട്. പ്രകോപനമുണ്ടായാൽ സൈനികമായി പ്രതികരിക്കാൻ പാകിസ്താൻ തയ്യാറണ്. നമുക്ക് അതിനുള്ള കഴിവുണ്ട്, അവർ ഈ യുദ്ധത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുകയോ വികസിപ്പിക്കുകയോ ചെയ്താൽ ഞങ്ങൾ അവരെ ആക്രമിക്കുമെന്ന് പാക് മന്ത്രി പ്രഖ്യാപിച്ചു.
Discussion about this post