ഏകദിന ക്രിക്കറ്റിലെ 11 സ്ഥാനങ്ങളിലും ബാറ്റ് ചെയ്ത ഏതെങ്കിലും താരത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ശ്രീലങ്കൻ ടെസ്റ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ ഹഷൻ തിലകരത്നെ അങ്ങനെ ചെയ്ത ചുരുക്കം ചിലരിൽ ഒരാളാണ്.
ഒരു മധ്യനിര ബാറ്റ്സ്മാൻ എന്നാണ് കൂടുതൽ അറിയപ്പെടുന്നതെങ്കിലും, അദ്ദേഹത്തിന്റെ വൈവിധ്യമാർന്ന കരിയറിൽ ഇന്നിംഗ്സ് ഓപ്പണർ മുതൽ പത്താം നമ്പർ വരെ എല്ലാ സ്ഥാനങ്ങളിലും അദ്ദേഹം ബാറ്റ് ചെയ്തു. പലപ്പോഴും വിക്കറ്റ് കീപ്പിങ് ഉൾപ്പെടെ ടീമിനായി വ്യത്യസ്ത റോളുകൾ നിർവഹിച്ചു. 1990 കളിൽ ശ്രീലങ്ക ഒരു പ്രധാന ക്രിക്കറ്റ് ശക്തിയായി വളർന്നുകൊണ്ടിരുന്നപ്പോൾ താരത്തിന്റെ മികവ് അതിലൊരു കാരണമായി.
1995–96 ലെ സിംഗർ ചാമ്പ്യൻസ് ട്രോഫിയിൽ തിലകരത്നെ ഏഴാം നമ്പറിൽ ഇറങ്ങി വെസ്റ്റ് ഇൻഡീസിനെതിരെ സെഞ്ച്വറി നേടിയിട്ടുണ്ട്. ആ സമയത്ത്, ഏഴാം നമ്പറിൽ ഒരു ബാറ്റ്സ്മാൻ നേടുന്ന ആദ്യ ഏകദിന സെഞ്ച്വറിയായിരുന്നു ഇത്. അദ്ദേഹത്തിന്റെ സെഞ്ച്വറി നേട്ടത്തിനും അന്ന് ടീമിനെ ജയിപ്പിക്കാനായില്ല എന്നത് മാത്രമാണ് ആകെ ഉള്ള സങ്കടം.
1996 ലെ ക്രിക്കറ്റ് ലോകകപ്പ് നേടിയ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെയും ഭാഗമായിരുന്നു അദ്ദേഹം. 1999 ലെ ക്രിക്കറ്റ് ലോകകപ്പിന് ശേഷം ശ്രീലങ്കൻ ടീം ടെസ്റ്റ്, ഏകദിന ടീമുകളിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കി, പക്ഷേ ആഭ്യന്തര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മികവിനെ തുടർന്ന് 2001 ൽ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തി. അവിടെ അദ്ദേഹം നോൺഡിസ്ക്രിപ്റ്റ്സ് ക്രിക്കറ്റ് ക്ലബ്ബിനായി കളിച്ചു.
Discussion about this post