ടി 20 ക്ക് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നാലാമതൊരു ഫോർമാറ്റ് വരുന്നു. ടെസ്റ്റ് ട്വന്റി എന്ന പേരിലായിരിക്കും പുതിയ ഫോർമാറ്റ് അറിയപ്പെടുക. ദി വൺ വൺ സിക്സ് നെറ്റ്‌വർക്കിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ ഗൗരവ് ബഹിർവാനി ആണ് പുതിയ ഫോർമാറ്റ് ആരാധകർക്ക് മുന്നിൽ പരിചയപ്പെടുത്തിയത്. “നാലാം ഫോർമാറ്റ്”, യുവ ക്രിക്കറ്റ് താരങ്ങൾക്ക് എങ്ങനെ വലിയ സമ്മർദ്ദങ്ങളെ കൈകാര്യം ചെയ്യാനും പഠിക്കാനും പഠിച്ചത് പരിശീലിക്കാനും ഉള്ള വേദിയാകും
ടെസ്റ്റ് ക്രിക്കറ്റിന്റെ തന്ത്രപരമായ ആഴത്തെ ടി20 യുടെ ആവേശവുമായി സംയോജിപ്പിക്കുക എന്നതാണ് ടെസ്റ്റ് ട്വന്റിയുടെ ലക്ഷ്യം. ഹർഭജൻ സിംഗ്, എബി ഡിവില്ലിയേഴ്‌സ്, സർ ക്ലൈവ് ലോയ്ഡ്, മാത്യു ഹെയ്ഡൻ എന്നിവരടങ്ങുന്ന ഉപദേശക സമിതിയുൾപ്പെടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ചില മഹാന്മാരുടെ പിന്തുണയും പുതിയ ഫോർമാറ്റിന് ഉണ്ട്.
ടെസ്റ്റ് ട്വന്റി എങ്ങനെയാണ്, എന്താണ്? പുതിയ ഫോർമാറ്റ് ടെസ്റ്റ് ക്രിക്കറ്റിന്റെയും ടി20 യുടെയും തികഞ്ഞ സംയോജനമാണ്. ടെസ്റ്റ് ട്വന്റിയിലെ ഒരു മത്സരം 80 ഓവറുകളിലായിരിക്കും, ഒരു ടീമിന് 20 ഓവർ വീതമുള്ള രണ്ട് ഇന്നിംഗ്‌സുകൾ കിട്ടും. ഇത് ഒരു ദിവസത്തിനുള്ളിൽ ടെസ്റ്റുകളുടെ സത്ത ആസ്വദിക്കാൻ ആരാധകരെ സഹായിക്കും.
ജൂനിയർ ടെസ്റ്റ് ട്വന്റി ചാമ്പ്യൻഷിപ്പ് എന്ന പേരിൽ ചാമ്പ്യൻഷിപ്പിന്റെ ആദ്യ സീസൺ 2026 ജനുവരിയിൽ ആരംഭിക്കുമെന്ന് ഫോർമാറ്റിന്റെ സ്ഥാപകനായ ഗൗരവ് ബഹിർവാനി പറഞ്ഞു. തുടക്കത്തിൽ 13 മുതൽ 19 വയസ്സ് വരെ പ്രായമുള്ള ആൺകുട്ടികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന ഈ ഫോർമാറ്റ്, രണ്ടാം സീസൺ മുതൽ പെൺകുട്ടികൾക്കായിട്ടും വാതിലുകൾ തുറക്കും.
വിപുലമായ സ്കൗട്ടിംഗിലൂടെയും മെന്റർഷിപ്പിലൂടെയും ഉയർന്നുവരുന്ന പ്രതിഭകളെ തിരിച്ചറിയുകയും പരിപോഷിപ്പിക്കുകയും ഉയർത്തുകയും ചെയ്യുന്ന ലക്ഷ്യമാണ് ഇതുവഴി തങ്ങൾ ഉദ്ദേശിക്കുന്നത് എന്ന് ബഹിർവാനി പറഞ്ഞു, “വിജയിക്കുന്ന ടീമിന് ഒരു കിരീടം കൈമാറും,” ക്രിക്കറ്റിലെ മഹാന്മാരുടെ മാർഗ്ഗനിർദ്ദേശത്തിലൂടെയും അത്യാധുനിക സാങ്കേതികവിദ്യയിലൂടെയും പുതിയ പ്രതിഭകളെ “കണ്ടെത്തുക, പരിശീലിപ്പിക്കുക, ഉയർത്തുക” എന്നതാണ് ആശയമെന്ന് ബഹിർവാനി പറഞ്ഞു.
തുടക്കത്തിൽ എന്തായാലും അണ്ടർ 19 തലത്തിൽ നടക്കുന്ന ഈ ഫോർമാറ്റിലെ മത്സരങ്ങൾ ഭാവിയിൽ വലിയ തലങ്ങളിലേക്കും നീങ്ങും.
Discussion about this post