മലപ്പുറം: സമരാഗ്നി പരിപാടിയിൽ ദേശീയ ഗാനം തെറ്റിച്ച് പാടിയ കോൺഗ്രസ് നേതാക്കളെ വിമർശിച്ച് യൂത്ത് കോൺഗ്രസ് നേതാവ്. മലപ്പുറം ജില്ലാ അദ്ധ്യക്ഷൻ ഹാരിസ് മുതൂരാണ് വിമർശനവുമായി രംഗത്ത് എത്തിയത്. പുതിയ കാലഘട്ടത്തിൽ അത് മനസ്സിലാക്കിയുള്ള പാകപ്പെടുത്തലുകൾ നേതൃത്വം സ്വീകരിക്കണം എന്ന് അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഹാരിസിന്റെ വിമർശനം. ഒരുപാട് ചേരുവകൾ അടങ്ങിയതാണ് നേതൃത്വം. സ്റ്റേജും മൈക്കുമൊന്നും പുതിയ കാലഘട്ടത്തിലെ രാഷ്ട്രീയത്തിൽ പൊതുജനം വലിയ സംഭവം ആക്കിയെടുക്കുന്നില്ലെന്ന തിരിച്ചറിവ് നേതൃത്വത്തിന് വേണം. എന്റെ തല എന്റെ ഫിഗർ കാലമെല്ലാം കഴിഞ്ഞു. കഴിവുള്ളവരെ ഒരു കുറ്റിയിലും തളച്ചിടാൻ കഴിയില്ല. അല്ലാത്തവർ സ്റ്റേജിൽ താമസമാക്കിയും മൈക്കിന് മുന്നിൽ കിടന്നുറങ്ങിയും അഭ്യാസം തുടരുമെന്നും ഹാരിസ് മുദൂർ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
നേതൃത്വം എന്നത് ഒരുപാട് ചേരുവകൾ അടങ്ങിയതാണ്. പുതിയ കാലഘട്ടമാണന്ന് മനസ്സിലാക്കി അതിനനസരിച്ച് പാകപ്പെടുത്തലുകളും നേതൃത്വത്തിലുള്ളവർ സ്വീകരിക്കേണ്ടതുണ്ട്. സ്റ്റേജും മൈക്കുമൊന്നും പുതിയകാലഘട്ടത്തിലെ രാഷ്ട്രീയത്തിൽ പൊതുജനം വലിയസംഭവമാക്കിയെടുക്കുന്നില്ലെന്ന തിരിച്ചറിവ് നേതൃത്വത്തിന് അനിവാര്യമാണ്. സമൂഹമാധ്യമങ്ങൾ അരങ്ങ് വാഴുന്ന പുതുരാഷ്ട്രീയാന്തരീക്ഷത്തിൽ ജാഗ്രതകുറവിന് വലിയ വിലയാണ് നൽകേണ്ടിവരുന്നത്.
ശ്രീനിവാസൻ പറയുന്നത് പോലെ എന്റെ തല എന്റെ ഫിഗർ കാലമൊക്കെ കാറ്റിൽ പറന്നുപോയിട്ടുണ്ട്, അറിവും ഇടപെടലും അവതരണവും വഴിയൊരുക്കുന്ന പുതുരാഷ്ട്രീയമാണ് ജനങ്ങളാഗ്രഹിക്കുന്നത്. ആത്മവിശ്വാസവും പ്രാപ്തിയും കഴിവുമുള്ളവനെ ഒരുകുറ്റിയിലും തളച്ചിടാൻ കഴിയാത്ത സത്യമായി മാറികൊണ്ടിരിക്കുന്നതാണ് രാഷ്ട്രീയം. അല്ലാത്തവർ സ്റ്റേജിൽ താമസമാക്കിയും മൈക്കിന് മുന്നിൽ കിടന്നുറങ്ങിയും അഭ്യാസം തുടർന്നുകൊണ്ടേയിരിക്കും.
പറയാതെ വയ്യ.
Discussion about this post