ന്യൂഡൽഹി: ഒരു ചൈനീസ് കമ്പനി നേരത്തെ നേടിയ ടെൻഡർ റദ്ദാക്കി, അതിനു ശേഷം ഒരു ഇന്ത്യൻ കമ്പനിക്ക് മൂന്ന് സൗരോർജ്ജ, ഹൈബ്രിഡ് വൈദ്യുതി ഉൽപാദന സൗകര്യങ്ങളുടെ നിർമ്മാണത്തിനുള്ള കരാർ നൽകി ശ്രീലങ്ക. നേരത്തെ ചൈനീസ് കപ്പലുകൾ ശ്രീലങ്കൻ തീരം വഴി വരുന്നതും ഒരു വർഷത്തേക്ക് അവർ നിരോധിച്ചിരുന്നു.
തുടക്കത്തിൽ ഏഷ്യൻ ഡെവലപ്‌മെൻ്റ് ബാങ്ക് (എഡിബി) വായ്പയിലൂടെ ധനസഹായം നൽകിയ പദ്ധതി ചൈനയുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കയെത്തുടർന്ന് രണ്ട് വർഷം മുമ്പ് നിർത്തിവച്ചിരുന്നു.
പദ്ധതി പുനരുജ്ജീവിപ്പിച്ചതായും ഇപ്പോൾ ഇന്ത്യൻ ഗവൺമെൻ്റിൻ്റെ 11 മില്യൺ ഡോളർ ഗ്രാൻ്റ് കൊണ്ടാണ് പൂർണമായും പദ്ധതിയെന്നും ശ്രീലങ്കയുടെ ഊർജ മന്ത്രാലയം വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഇന്ത്യയിലെ ബെംഗളൂരു ആസ്ഥാനമായുള്ള യു-സോളാർ എന്ന റിന്യൂവബിൾസ് സ്ഥാപനത്തിനാണ് സൗകര്യങ്ങൾ നിർമ്മിക്കുന്നതിനുള്ള കരാർ നൽകിയിരിക്കുന്നത്.
1948-ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ശ്രീലങ്ക ഇപ്പോൾ പതുക്കെ കരകയറി വരുകയാണ്. 2,230 കിലോവാട്ട് പുനരുപയോഗ ഊർജ്ജ ശേഷിയുള്ള മൂന്ന് സൗകര്യങ്ങളും ഇന്ത്യയുടെ സമുദ്രാതിർത്തിയിൽ നിന്നും വളരെ അകലെയല്ലാത്ത വടക്കൻ നഗരമായ ജാഫ്‌നയ്ക്ക് സമീപമുള്ള ദ്വീപുകളിലാണ് സ്ഥിതി ചെയ്യുന്നത്.
Discussion about this post