മലപ്പുറം: ജില്ലയിൽ വൈറൽ ഹെപ്പെറ്റൈറ്റിസ് ബാധിച്ച് ഒരു മരണം കൂടി. രോഗം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന എടക്കര ചെമ്പൻകൊല്ലി സ്വദേശിയായ 32 കാരനാണ് മരിച്ചത്. ഇതോടെ ഒരു മാസത്തിനിടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.
രാവിലെയോടെയായിരുന്നു ഇയാൾ മരിച്ചത്. ദിവസങ്ങളായി 32 കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനിടെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകുകയായിരുന്നു. രോഗത്തെ തുടർന്ന് നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനിടെ പോത്തുകല്ലാണ് രോഗബാധയുടെ പ്രഭവകേന്ദ്രമെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ഒരാൾ കൂടി മരിക്കുകയും അസുഖബാധികർ ചികിത്സയിൽ തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിൽ കൂൾബാറുകളുടെയും ഹോട്ടലുകളുടെയും പ്രവർത്തനം മൂന്നാഴ്ചത്തേക്ക് നിയന്ത്രിച്ചിട്ടുണ്ട്. കുടിയ്ക്കാനുപയോഗിക്കുന്ന വെള്ളത്തിന്റെ കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.












