വിരാട് കോഹ്‌ലിയെ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി വേണ്ടവിധം പരിഗണിച്ചില്ലെന്ന ആരോപണവുമായി മുൻ ഇന്ത്യൻ താരം വസീം ജാഫർ. കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ചത് നിരാശയും അതൃപ്തിയും കാരണമാകാമെന്നാണ് ജാഫറിന്റെ നിരീക്ഷണം. കോഹ്‌ലിയെപ്പോലൊരു താരത്തിന് ഇനിയും ടെസ്റ്റ് ക്രിക്കറ്റിൽ തുടരാൻ കഴിയുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2025ൽ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി രോഹിത് ശർമയും വിരാട് കോഹ്‌ലിയും ഒരാഴ്ചയ്ക്കുള്ളിലാണ് ടെസ്റ്റ് ക്രിക്കറ്റിൽനിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചത്. ഐപിഎൽ 2025നിടെ രോഹിത് വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ, ദിവസങ്ങൾക്കുശേഷം കോഹ്‌ലി യും സമാന തീരുമാനമെടുത്തത് ആരാധകരെ അമ്പരപ്പിച്ചു. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് ഇന്ത്യ ഒരുങ്ങുന്നതിനിടെയായിരുന്നു കോലിയുടെ പ്രഖ്യാപനം.
ഇതിന് പിന്നാലെ അന്നത്തെ ബിസിസിഐ ചീഫ് സെലക്ടറായ അജിത് അഗാർക്കറിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. കോഹ്‌ലിയുടെ വിരമിക്കൽ തീരുമാനത്തിൽ സെലക്ഷൻ കമ്മിറ്റിക്ക് പങ്കുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകളായിരുന്നു ഇതിന് പിന്നിൽ.
സ്വന്തം യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് വസീം ജാഫർ, കോഹ്‌ലിയുടെ വിരമിക്കലിനെക്കുറിച്ച് പ്രതികരിച്ചത്. “തന്നോട് പെരുമാറിയ രീതിയിൽ വിരാടിന് കുറച്ച് അതൃപ്തിയുണ്ടായിരുന്നുവെന്ന് തോന്നുന്നു.
വിരാടിനെപ്പോലൊരു താരം കളിക്കുമ്പോൾ ആളുകൾ സ്റ്റേഡിയത്തിലേക്ക് എത്തും. അത്രയധികം ആരാധകപിന്തുണ അദ്ദേഹത്തിനുണ്ട്. തീർച്ചയായും കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു. വിരാട് തന്നെ ഇക്കാര്യത്തിൽ തുറന്നുപറയുന്നതുവരെ യഥാർഥ കാരണം നമുക്ക് അറിയാനാകില്ല. അദ്ദേഹം ഇംഗ്ലണ്ട് പര്യടനത്തിനായി തയ്യാറെടുക്കുകയായിരുന്നു,” എന്നായിരുന്നു ജാഫറിന്റെ വാക്കുകൾ.
125 ടെസ്റ്റ് മത്സരങ്ങൾ പൂർത്തിയാക്കാൻ രണ്ട് മത്സരങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് കോഹ്‌ലി വിരമിച്ചത്. ഇതോടെ സുനിൽ ഗവാസ്‌കറിന്റെ 125 ടെസ്റ്റ് മത്സരങ്ങളെന്ന നേട്ടത്തിനൊപ്പമെത്താനുള്ള അവസരവും നഷ്ടമായി. ടെസ്റ്റിൽ 10,000 റൺസ് തികയ്ക്കാൻ 770 റൺസ് കൂടി വേണ്ടിയിരുന്ന കോലിക്ക് ആ നേട്ടത്തിലെത്താനും സാധിച്ചില്ല. ഗവാസ്‌കർ, സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ് എന്നിവർക്ക് പിന്നാലെ ടെസ്റ്റിൽ 10,000 റൺസ് നേടുന്ന നാലാമത്തെ ഇന്ത്യൻ താരമാകാനുള്ള അവസരമായിരുന്നു അത്. കൂടാതെ അഞ്ച് സെഞ്ചുറികൾ കൂടി നേടിയിരുന്നെങ്കിൽ ടെസ്റ്റിൽ 35 സെഞ്ചുറികൾ നേടുന്ന ലോകത്തിലെ എട്ടാമത്തെ താരമാകാനും കോഹ്‌ലി ക്ക് കഴിയുമായിരുന്നു.
2025ന്റെ തുടക്കത്തിൽ ഓസ്‌ട്രേലിയക്കെതിരെ നടന്ന പരമ്പരയായിരുന്നു കോഹ്‌ലിയുടെ അവസാന ടെസ്റ്റ് പരമ്പര. അഞ്ച് മത്സരങ്ങളിൽനിന്ന് 23.75 ശരാശരിയിൽ 190 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. കോഹ്‌ലിയുടെ വിരമിക്കലിന് പിന്നിലെ യഥാർഥ കാരണം വ്യക്തമല്ലെങ്കിലും, സെലക്ഷൻ കമ്മിറ്റിയുടെ സമീപനം അദ്ദേഹത്തെ നിരാശപ്പെടുത്തിയിരിക്കാമെന്ന ജാഫറിന്റെ പരാമർശം ക്രിക്കറ്റ് ലോകത്ത് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.











