തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളുൽ ഉയർന്ന താപനില മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ താപനില ഇനിയും കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. സാധരണയേക്കാൾ 2 മുതൽ മൂന്ന് ശതമാനം വരെ താപനില അനുഭവപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മാർച്ച് 3 മുതൽ അഞ്ച് വരെ കൊല്ലം, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 36°C വരെയും രേഖപ്പെടുത്താൻ സാധ്യതയുണ്ട്. കൊല്ലം, കോട്ടയം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ സംസ്ഥാനങ്ങളിൽ മലയോര മേഖലകളിൽ ഒഴികെയുള്ള പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉയർന്ന ചൂട്, നിർജലീകരണം, സൂര്യാഘാതം, സൂര്യതാപം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് സാധ്യതയുള്ളതിനാൽ, ആരോഗ്യ വകുപ്പ് നൽകിയിരിക്കുന്ന മാർഗനിർദേശങ്ങൾ പാലിക്കണം. പകൽ 11 മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെയുള്ള സമയത്ത് ശരീരത്തിൽ നേരിട്ട് സൂര്യ പ്രകാശം ഏൽക്കുന്ന അവസ്ഥകൾ ഒഴിവാക്കുക. പരമാവധി ശുദ്ധ ജലം കുടിക്കുകയും ചായ, കാപ്പി, കാർബണേറ്റഡ് ശീതളപാനീയങ്ങൾ എന്നിവ കുടിക്കുന്നത് ഒഴിവാക്കണമെന്നും നിർദേശങ്ങളിൽ പറയുന്നു. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.
Discussion about this post