ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ‘നോ ഫാമിലി’ പരാമർശത്തിന് പിന്നാലെ സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകളിലെ ബയോ മാറ്റി ബിജെപി നേതാക്കൾ. എക്‌സ് ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകളിൽ തങ്ങളുടെ പേരുകളുടെ കൂടെ ‘മോദി കാ പരിവാർ’ (മോദിയുടെ കുടുംബം) എന്ന് ചേർത്തുകൊണ്ടാണ് ബിജെപി നേതാക്കൾ ബയോ മാറ്റിയിരിക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ, നിതിൻ ഗഡ്ഗരി, ജോതിരാദിത്യ സിന്ധ്യ, ഉൾപ്പെടെയുള്ള നിരവധി ബിജെപി നേതാക്കൾ ബയോ മാറ്റിയിട്ടുണ്ട്.
‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുടുംബത്തെ അപമാനിക്കാൻ ഇൻഡി സഖ്യത്തെ സമ്മതിക്കില്ല. ഇന്ത്യയിലെ 140 കോടി ജനങ്ങൾ അദ്ദേഹത്തിന്റെ കുടുംബമാണ്. ഞങ്ങളെല്ലാം മോദിയുടെ കുടുംബമാണ്’ ബയോയിൽ ‘മോദി കാ പരിവാർ’ എന്ന് ചേർത്തുകൊണ്ട് ബിജെപി നേതാവ് മജിന്ദർ സിംഗ് സിർസ എക്‌സിൽ കുറിച്ചു.
ലാലുപ്രസാദിന്റെ പ്രസ്താവനയെ പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചിരുന്നു. ഇൻഡി സഘ്യത്തിന്റെ നേതാക്കൾ അഴിമതിയിലും സ്വജനപക്ഷപാതത്തിലും രാഷ്ട്രീയ പ്രീണനത്തിലും മുഴുകി ജീവിക്കുകയാണ്. അവരെ ഞാൻ ചോദ്യം ചെയ്തപ്പോൾ മോദിക്ക് കുടുംബമില്ലെന്ന് പറയുന്നു. ഞാൻ തുറന്ന പുസ്തകമാണ്. രാജ്യത്തെ 140 േകാടി ജനങ്ങളാണ് എന്റെ കുടുംബം. രാജ്യത്തെ കോടിക്കണക്കിന് പെൺമക്കളും അമ്മമാരും സഹോദരിമാരുമെല്ലാം എന്റെ കുടുംബമാണ്. ആരുമില്ലാത്തവർ ഉണ്ടെങ്കിൽ അവരെല്ലാം മോദിയുടേതാണ്. മോദി അവരുടെയുമാണ്. അവരെല്ലാം മോദിയുടെ കുടുംബമെന്ന് പറയുന്നു’- അദ്ദേഹം വ്യക്തമാക്കി.












