ചെന്നൈ : തമിഴ്നാട്ടിൽ നടൻ ശരത്കുമാറിന്റെ പാർട്ടിയായ അഖിലേന്ത്യ സമത്വ മക്കൾ കക്ഷി (എഐഎസ്എംകെ) ബിജെപിയിൽ ചേർന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആണ് പാർട്ടിയുടെ ഈ തീരുമാനം. തമിഴ്നാട്ടിൽ ബിജെപി മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത് എന്നും തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്നും ശരത്കുമാർ വ്യക്തമാക്കി.
കേന്ദ്രമന്ത്രി എൽ മുരുകൻ, ദേശീയ സെക്രട്ടറി എച്ച് രാജ, പാർട്ടിയുടെ തമിഴ്നാട് ചുമതലയുള്ള അരവിന്ദ് മേനോൻ എന്നിവരടങ്ങിയ ബിജെപി പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ശരത്കുമാർ എഐഎസ്എംകെ ബിജെപിയിൽ ചേരുന്ന കാര്യം പ്രഖ്യാപിച്ചത്. കേന്ദ്രത്തിൽ വീണ്ടും ഒരു നല്ല ഭരണം ഉറപ്പാക്കാനും നരേന്ദ്ര മോദിയെ മൂന്നാം തവണയും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കാനും ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതായി കൂടിക്കാഴ്ചക്ക് ശേഷം ശരത്കുമാർ വ്യക്തമാക്കി.
ശരത്കുമാറിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നതായി തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ അറിയിച്ചു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരാൻ ശരത്കുമാറിന്റെ സാന്നിധ്യത്തിന് കഴിയും എന്നും അണ്ണാമലൈ സൂചിപ്പിച്ചു.
Discussion about this post