സിംഗപ്പൂർ : ഏഷ്യയിൽ പ്രവാസികൾക്ക് ജോലി ചെയ്യാനായി ഏറ്റവും ഇഷ്ടമുള്ള സ്ഥലമായാണ് സിംഗപ്പൂർ അറിയപ്പെടുന്നത്. സ്വാതന്ത്ര്യവും സമാധാനവും ഉള്ള രാജ്യമായി കണക്കാക്കപ്പെടുന്നതിനാലാണ് സിംഗപ്പൂരിൽ ജോലി ചെയ്യാൻ ധാരാളം പേർ ഇഷ്ടപ്പെടുന്നത്. എന്നാൽ ഇനി മുതൽ സിംഗപ്പൂരിൽ ജോലി ലഭിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമാവില്ല. പ്രവാസി തൊഴിൽ നിയമങ്ങളിൽ കർശന മാറ്റങ്ങളാണ് സിംഗപ്പൂർ ഭരണകൂടം വരുത്തിയിരിക്കുന്നത്.
2025ഓടെ ആയിരിക്കും സിംഗപ്പൂരിലെ തൊഴിൽ നിയമങ്ങളിൽ മാറ്റങ്ങൾ വരിക. പ്രവാസികൾക്ക് സിംഗപ്പൂരിലേക്ക് വരാനായി നൽകുന്ന എംപ്ലോയ്മെന്റ് പാസിന്റെ ശമ്പളപരിധി വർദ്ധിപ്പിക്കും എന്നുള്ളതാണ് ഒരു സുപ്രധാന തീരുമാനം. 2025 ജനുവരി മുതൽ പ്രതിമാസ ശമ്പളം 5600 സിംഗപ്പൂർ ഡോളർ ഉണ്ടെങ്കിൽ മാത്രമായിരിക്കും അപേക്ഷകന് തൊഴിൽ പാസ് ലഭിക്കുക. ഏതാണ്ട് മൂന്നര ലക്ഷത്തോളം ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ് ഈ തുക. 600 ഡോളറിന്റെ വർദ്ധനവാണ് സർക്കാർ തൊഴിൽ പാസിനായി വരുത്തിയിരിക്കുന്നത്.
വിദേശരാജ്യങ്ങളിൽ നിന്നും ഉള്ളവർക്ക് തൊഴിൽ നൽകുന്നതിന് ഇത്രയും ഭീമമായ തുക ശമ്പളമായി നൽകേണ്ടി വരും എന്നുള്ളത് കമ്പനികൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്. ഇതോടെ സ്വദേശി ജീവനക്കാരെ കൂടുതലായി നിയമിക്കാൻ കമ്പനികൾ താല്പര്യപ്പെടാൻ ആണ് സാധ്യത. സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനാണ് സിംഗപ്പൂർ ഭരണകൂടം ഇത്തരത്തിൽ തൊഴിൽ പരിഷ്കരണങ്ങൾ നടത്തിയിട്ടുള്ളത്. നിലവിൽ 15 ലക്ഷത്തോളം വിദേശ തൊഴിലാളികളാണ് സിംഗപ്പൂരിൽ ഉള്ളത്. ശമ്പള പരിധിയിൽ മാറ്റം വരുന്നതോടെ രാജ്യത്തെത്തുന്ന വിദേശ ജോലിക്കാരുടെ എണ്ണത്തിൽ വലിയ വ്യത്യാസം ഉണ്ടാകും എന്നാണ് സൂചന.








