ഡല്‍ഹി: പത്താന്‍കോട് വ്യോമസേനാ താവളത്തിലെ ഭീകരാക്രമണത്തില്‍ പാക് പങ്ക് അറിയാന്‍ ഇന്ത്യ അമേരിക്കയുടെ സഹായം തേടും. ഭീകരരില്‍നിന്ന് അമേരിക്കന്‍ നിര്‍മിത ആയുധങ്ങള്‍ കണ്ടെത്തിയതിനാലാണിത്.
കൊല്ലപ്പെട്ട ഭീകരരില്‍ നിന്നും കണ്ടെടുത്ത ബൈനോക്കുലറുകള്‍ യു.എസില്‍ നിര്‍മിച്ചവയാണെന്ന് കണ്ടെത്തിയിരുന്നു. ഈ ബൈനോക്കുലറുകളില്‍ യു.എസ് ആര്മിയുടേതായ ചിഹ്നങ്ങളും കണ്ടെത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന യു.എസ് സൈനിക ബേസുകളില്‍ നിന്നും തീവ്രവാദികള്‍ ഇവ മോഷ്ടിച്ചിരിക്കാനാണ് സാധ്യതയെന്നാണ് കരുതുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ബൈനോക്കുലറുകളിലെ സീരിയില്‍ നമ്പര്‍ ഇന്ത്യ അമേരിക്കക്ക് കൈമാറും. ഇത് മോഷ്ടിക്കപ്പെട്ടത് എപ്പോള്‍, എവിടെ വെച്ച് എന്നീ വിവരങ്ങള്‍ എന്നിവ ഇന്ത്യ ആരാഞ്ഞിട്ടുണ്ട്. ബൈനോക്കുലറുകള്‍ക്ക് പുറമെ ഭീകരരുടെ തുണികളും ഷൂസുകളും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പാക്കിസ്ഥാന് ബന്ധം തെളിയിക്കുന്നതായി എന്‍.ഐ.എ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇന്നലെ നടക്കേണ്ടിയിരുന്ന ഇന്ത്യ-പാക് സെക്രട്ടറിതല ചര്‍ച്ച ഈ മാസം അവസാനത്തോടെ നടക്കുമെന്നാണ് സൂചന. ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും സെക്രട്ടറിമാര്‍ തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തി. വ്യോമസേനാ താവള ആക്രമണ പശ്ചാത്തലത്തില്‍ സെക്രട്ടറിതല ചര്‍ച്ച മാറ്റിവയ്ക്കുകയായിരുന്നു.
പത്താന്‍കോട് ഭീകരാക്രമണത്തെക്കുറിച്ച് വേഗത്തില്‍ അന്വേഷണം ആരംഭിക്കണമെന്ന് പാക്കിസ്ഥാനോട് നേരത്തേ അമേരിക്ക ആവശ്യപ്പെട്ടിരുന്നു.
Discussion about this post