ബിജെപി നേതാവും കായംകുളം നഗരസഭ മുൻ കൗൺസിലറുമായിരുന്ന ഡി അശ്വിനി ദേവിൻ്റെ ഓർമ്മകളിൽ സഹപ്രവർത്തകൻ കെ.കെ മനോജ്. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ഒന്നര വർഷത്തിലേറെയായി കിടപ്പിലായിരുന്നു ഡി അശ്വിനി ദേവ്. കണ്ണൂരിൽ സഹോദരി ശ്രീകലയുടെ വീട്ടിൽ പരിചരണത്തിൽ കഴിയവേയാണ് അന്ത്യം.
കായംകുളത്തെ ഹരിത കുങ്കുമ പതാകയിൽ ആലേഖനം ചെയ്ത ഭാഗ്യ ഭവനത്തിലെ ആ പുഞ്ചിരി മാഞ്ഞു..
ചെങ്ങന്നൂരിൽ ABVP പൂർണ സമയപ്രവർത്തകനായിരുന്നപ്പോഴും സംഘത്തിന്റെ പ്രചാരകനായിരുന്നപ്പോഴും ഏറെ സൗഹൃദത്തോടെ കൂടെ ഉണ്ടായിരുന്ന ആ ഓർമ്മകൾ… 2015 ൽ അശ്വിനിയേട്ടൻ എഴുതിയ ആ കവിത പോലെ.. “വിഷുവെത്തുമ്പോൾ”.. ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ തിരക്കിൽ പെട്ട അപകടം..
ശിവരാത്രി ദിനത്തിൽ ഭഗവത് പാദത്തിൽ ലയിക്കുമ്പോൾ.. സുകൃത ജന്മമായിരുന്നു അത്..
മലയാളത്തിന്റെ മഹാനായ നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധ പണിക്കരുടെ പുത്രന്റെ പുത്രൻ..
ഇടതുപക്ഷത്തിന്റെ ഇറ്റില്ലമായ KPAC യുടെ അരിക് ചേർന്നു നടന്ന കലാകാരൻ.. സംഘാടകനും സാഹിത്യകാരനും പ്രാസംഗികനും കവിയും ആയിരുന്ന പ്രതിഭയായിരുന്നു അശ്വിനിയേട്ടൻ. എത്രയോ തവണ നാം ആ ശബ്ദം കേട്ടു..
ABVP ക്ക് വേണ്ടി എന്ത് പരിപാടി നടന്നാലും കായംകുളത്ത് എത്തുക എന്നത് എന്റെ സ്ഥിരം പരിപാടിയായിരുന്നു.. എട്ടോളം നാടകങ്ങൾ.. രവി സ്റ്റുഡിയോ റഡിയായാൽ ആർട്ടിസ്റ്റുകളുമായ് അശ്വിനിയേട്ടൻ എത്തും.. അഞ്ച് പൈസ പോലും വാങ്ങാതെ റെക്കോർഡിംഗ്.. എല്ലാം കഴിഞ്ഞ് അവസാനം യാത്ര തുടങ്ങാൻ വേണ്ടി ഭക്ഷണത്തിനും സീസലിനും വേണ്ട രൂപ അശ്വയേട്ടനിൽ നിന്നും കടം വാങ്ങിയതു പോലെ വാങ്ങി പോരും. (ഇല്ല എന്നറിയാവുന്നതിനാൽ തിരിച്ച് ചോദിച്ചിട്ടില്ല, കൊടുത്തിട്ടുമില്ല) എന്നിട്ട് അവിടെ നിന്നും തിരുവനന്തപുരത്തേക്കോ കാസർഗോട്ടേക്കോ യാത്രയാക്കും.
തെരുവ് നാടകം, പാട്ട്, അനൗൺസ്മെൻറ് അവസാനം ചലോ കേരളയുടെ വരെ ചെയ്തു. അശ്വിനിയേട്ടൻ, BJP യുടെ എല്ലാ പരിപാടികൾക്കും ആ ശബ്ദം ഉണ്ടായിരുന്നു.. മുദ്രാവാക്യങ്ങൾ ശരണം വിളി മാത്രമായ ശബരിമല സംരക്ഷണ സമരത്തിലും ആ ശബ്ദം കേരളം മുഴുവനും കേട്ടതാണ്.. ജനത്തിലൂടെ, ദൂരദർശനിലൂടെ മകരവിളക്ക് തത്സമയം കാണുമ്പോൾ ഭക്തി നിറച്ച അശ്വിനിയേട്ടന്റെ വിവരണം ഓരോ ഭക്തനേയും എത്രയോ തവണ സന്നിധാനത്ത് എത്തിച്ചു.
ചെട്ടിക്കുളങ്ങര ഭരണിയും ആ ശബ്ദത്താൽ ഭക്തി നിറച്ചു വച്ചു. കെ റയിൽ വിരുദ്ധ സമര ഗാനവും നാടുണരുന്നു എന്ന മണ്ണിന്റെ മണമുള്ള ഗാനവും.. ആ തൂലികയിൽ പിറന്നു. അളന്ന് മുറിച്ച് ലക്ഷ്യ ഭേദിയായ അസ്ത്രം പോലെയാണ്, ദേശീയതക്ക് വേണ്ടി സന്ധിയില്ലാ സമരവും രാഷ്ട്ര വിരുദ്ധതക്കെതിരെയുള്ള പോരാട്ടവും ഇടകലർത്തിയുള്ള ആ വാക്കുകൾ..
നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ദൂരദർശൻ ഉൾപ്പെടെ നിരവധി ചാനലുകളിൽ തന്റെ വീക്ഷണങ്ങൾ അവതരിപ്പിച്ചു. ജ്യോതിഷവും പൂജാ സമ്പ്രദായവും അശ്വിനിയേട്ടന് ഹൃദിസ്ഥം. കവിത എഴുതിയും പാടിയും ആൽബം നിർമ്മിച്ചും സജീവമായി. പ്രൊഫഷണൽ നാടക രംഗത്തും അശ്വിനിയേട്ടൻ തിളങ്ങി നിന്നു. ABVP യുടെ നിരവധി ചുമതലകൾ വഹിച്ചു. പരുമലയിലെ കൂട്ട ബലിദാനത്തിന്റെ കാലത്ത് ABVP സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്നു. കായംകുളം ശ്രീരാമകൃഷ്ണ മഠം സെക്രട്ടറി ആയിരുന്നു. കായംകുളം നഗരസഭ BJP നേതാവ്, കൗൺസിലർ, BJP ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി, മേഘല ജനറൽ സെക്രട്ടറി എന്നീ നിലയിലും മറ്റ് സാമൂഹിക സേവന രംഗത്തും സജീവമായിരുന്ന വ്യക്തിത്വം..
Discussion about this post