പാകിസ്താൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് ഇതിഹാസവുമായ ഇമ്രാൻ ഖാന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ വലതുകണ്ണിന്റെ കാഴ്ച 85 ശതമാനത്തോളം നഷ്ടപ്പെട്ടതായും അദ്ദേഹത്തെ വധിക്കാൻ പാക് ഭരണകൂടം ഗൂഢാലോചന നടത്തുന്നതായും സഹോദരിമാർ ആരോപിച്ചു.
അടിയാല ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാനെ സന്ദർശിച്ച സഹോദരിമാരായ അലീമ ഖാനും ഡോ. ഉസ്മ ഖാനുമാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്. “അവർ എന്നെ കൊല്ലാൻ പദ്ധതിയിട്ടിരിക്കുകയാണ്, അവർ എന്നെ കൊല്ലും” എന്ന് ഇമ്രാൻ ഖാൻ തങ്ങളോട് പറഞ്ഞതായി ഉസ്മ മാധ്യമങ്ങളോട് വെളിപ്പെടുത്തി. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും ആഭ്യന്തര മന്ത്രിയുമായ മൊഹ്സിൻ നഖ്‌വി, കരസേനാ മേധാവി അസിം മുനീർ എന്നിവർക്കെതിരെയാണ് സഹോദരിമാർ വിരൽ ചൂണ്ടുന്നത്. ഇമ്രാന്റെ ആരോഗ്യനിലയെക്കുറിച്ച് ചോദിച്ച തങ്ങളെ മൊഹ്സിൻ നഖ്‌വി ഭീഷണിപ്പെടുത്തിയതായും അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദികളുടെ വരുംതലമുറയെ പോലും വിടില്ലെന്നും അലീമ ഖാൻ രോഷത്തോടെ പറഞ്ഞു. സ്വന്തം ഡോക്ടർമാരെ കാണാൻ അനുവദിക്കണമെന്ന ആവശ്യം അധികൃതർ നിരന്തരം തള്ളിക്കളയുകയാണെന്നും അവർ ആരോപിച്ചു.
അതേസമയം, കളിക്കളത്തിലെ വൈരികൾ പോലും ഇമ്രാൻ ഖാന്റെ ജീവനായി കൈകോർക്കുന്ന കാഴ്ചയാണ് ലോകം കാണുന്നത്. സുനിൽ ഗവാസ്കർ, കപിൽ ദേവ് എന്നിവർക്ക് പുറമെ ഗ്രെഗ് ചാപ്പൽ, ക്ലൈവ് ലോയ്ഡ്, സ്റ്റീവ് വോ, ഡേവിഡ് ഗോവർ തുടങ്ങി 14 മുൻ ക്യാപ്റ്റന്മാർ ഒപ്പിട്ട സംയുക്ത നിവേദനം പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് കൈമാറി. ക്രിക്കറ്റ് ലോകത്തെ ഐക്കണായ ഇമ്രാൻ ഖാനോട് മാനുഷികമായ പരിഗണന കാണിക്കണമെന്നും അദ്ദേഹം ആഗ്രഹിക്കുന്ന വിദഗ്ധ ഡോക്ടർമാരുടെ ചികിത്സ ഉറപ്പാക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ഇമ്രാന്റെ ശിഷ്യന്മാരായ വസീം അക്രമും വഖാർ യൂനിസും സോഷ്യൽ മീഡിയയിലൂടെ ഈ ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.











