കൊൽക്കത്ത : സന്ദേശ്ഖാലിയിൽ സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ബസിൽഹട്ട് കോടതിയിലാണ് ഹജരാക്കുന്നത്. കസ്റ്റഡിയിൽ വിടാനുള്ള ഉത്തരവ് കോടതി പുറപ്പെടുവിക്കും.
കഴിഞ്ഞ ദിവസം കൊൽക്കത്ത ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം കൊൽക്കത്ത ക്രൈം ഇൻവസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിൽ നിന്ന് സിബിഐക്ക് വിട്ടു നൽകിയിരുന്നു. പത്ത് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ട് നൽകുകയും ചെയ്തിരുന്നു. ഫെബ്രുവരി 29 നാണ് ഷെയ്ഖ് ഷാജഹാൻ അറസ്റ്റിലായത്. ഒളിവിലായിരുന്ന ഷാജഹാനെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ മിനാഖാനിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
ഷാജഹാനും അദ്ദേഹത്തിന്റെ അടുത്ത സഹായികളും ഭൂമി തട്ടിയെടുക്കലിലും ലൈംഗികാതിക്രത്തിലും ഉൾപ്പെട്ടിട്ടുണ്ട് എന്ന് ആരോപിച്ച് സന്ദേശ്ഖാലിയിലെ സ്ത്രീകൾ ആഴ്ചകളായി പ്രക്ഷോഭത്തിലാണ്. ഒരു മാസത്തിലേറെയായി സംസ്ഥാന, കേന്ദ്ര ഏജൻസികളുടെ അറസ്റ്റിൽ നിന്ന് ഷെയ്ഖ് ഷാജഹാൻ ഒളിച്ചു കഴിയുകയായിരുന്നു. ഇതിനിടെ സംസ്ഥാന ഭരണകൂടം ഇയാളെ സംരക്ഷിക്കുന്നതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ബിജെപി നടത്തിയത്.










