ദുബായ്: ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച മുതൽ റംസാൻ വ്രതാരംഭം. ഞായറാഴ്ച രാത്രി മാസപ്പിറവി ദൃശ്യമായ സാഹചര്യത്തിലാണ് ഗൾഫ് രാജ്യങ്ങളിൽ വ്രതത്തിന് ആരംഭമാകുന്നത്. അതേസമയം ഒമാനിൽ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ വ്രതാരംഭം ചൊവ്വാഴ്ച മുതലായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
സൗദി അറേബ്യ, യുഎഇ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ് എന്നിവിടങ്ങളിലാകും തിങ്കളാഴ്ച മുതൽ റംസാൻ വ്രതത്തിന് തുടക്കമാകുക. ഇക്കാര്യം വിവിധ രാജ്യങ്ങളിലെ മതകാര്യ വകുപ്പുകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. സൗദിയിലെ സുദൈർ, തുമൈർ എന്നീ പ്രദേശങ്ങളിലാണ് മാസപ്പിറവി ദൃശ്യമായത്. ഔഖാഫ് മതകാര്യ മന്ത്രാലയത്തിനു കീഴിൽ ഒമാന്റെ വിവിധ ഭാഗങ്ങളിൽ മാസപ്പിറവി നിരീക്ഷിക്കുന്നതിനു സംവിധാനമൊരുക്കിയിട്ടുണ്ട്.
അതേസമയം കേരളത്തിലും മാസപ്പിറവി ദൃശ്യമായിട്ടില്ല. അതിനാൽ കേരളത്തിൽ വ്രതാരംഭം മാർച്ച് 12 മുതലായിരിക്കും ആരംഭിക്കുക എന്ന് കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് മദനി അറിയിച്ചു.








