കോഴിക്കോട്: വടകര ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനത്തിന് തീയിട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വടകര സ്വദേശി അബ്ദുൾ ജലീലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാനസികാസ്വാസ്ഥ്യം ഉള്ളയാളാണ് അബ്ദുൾ ജലീൽ എന്ന് പോലീസ് പറഞ്ഞു.
വടകര ഡിവൈഎസ്പി വിനോദ് കുമാറിന്റെ കെഎൽ 01 സിഎച്ച് 3987 നമ്പറിലുള്ള ഔദ്യോഗിക വാഹനമാണ് കത്തിയത്. സംഭവത്തിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് അന്വേഷണം നടത്തിയിരുന്നു. ഇതിൽ നിന്നാണ് അബ്ദുൾ ജലീലിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
സമീപത്തെ ചാക്ക് കടയിൽ ജലീൽ തീയിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് സ്‌റ്റേഷനിൽ എത്തി വാഹനം കത്തിച്ചത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.
പുലർച്ചെ രണ്ട് മണിയോടെയായിരുന്നു പോലീസ് ക്വാട്ടേഴ്‌സിന് മുൻപിൽ നിർത്തിയിട്ടിരുന്ന വാഹനം കത്തിയത്. വെളിച്ചം കണ്ട് പോലീസുകാർ പുറത്തേക്ക് എത്തിയപ്പോഴേയ്ക്കും വാഹനം പൂർണമായും കത്തിനശിച്ചിരുന്നു. ചാക്ക് കടയുടമ ഫൈസലുമായുളള വ്യക്തി വൈരാഗ്യമാണ് കൃത്യത്തിന് പിന്നിലെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. പ്രദേശത്തെ ലീഗ് നേതാവ് കൂടിയാണ് ഫൈസൽ.











