കൊൽക്കൊത്ത: ബംഗാളിലെ 42 ലോക്സഭാ സീറ്റുകളിലേക്കുള്ള തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ മുഖ്യമന്ത്രി മമതാ ബാനർജി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കൊൽക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടിൽ അരങ്ങേറിയ ആർഭാട പൂർണ്ണമായ പരിപാടിയിലായിരുന്നു സ്ഥാനാർത്ഥി പ്രഖ്യാപനം. കോൺഗ്രസുമായുള്ള സഖ്യ സാധ്യതകൾക്ക് പൂർണ്ണ വിരാമം നൽകിയായിരുന്നു മമതയുടെ നീക്കം. എന്നാൽ, തൃണമൂലിന്റെ ലിസ്റ്റിൽ ഉൾപ്പെട്ട പല സ്ഥാനാർത്ഥികളും ക്രിമിനൽ പശ്ചാത്തലമുള്ളവരും ഹിന്ദു വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നവരുമാണെന്ന ആരോപണം ശക്തമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് മുസ്ലീം മതമൗലിക വാദികളെ പ്രീണിപ്പിക്കാൻ മമത ബാനർജി തുനിഞ്ഞിറങ്ങിയിരിക്കുകയാണെന്നാണ് ബിജെപി ആരോപിക്കുന്നത്.
തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ കിരാത വാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച സന്ദേശ്ഖലി ഉൾപ്പെടുന്ന ബസിർഹട്ട് മണ്ഡലത്തിൽ ഹാജി നൂറൂൽ ഇസ്ലാമിനെയാണ് മമത സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. സിറ്റിംഗ് എംപി നുസ്രത്ത് ജഹാനെ മാറ്റിയാണ് നിരവധി കേസുകളിൽ ആരോപണ വിധേയനായ ഹാജി നൂറുൽ ഇസ്ലാമിന് തൃണമൂൽ ടിക്കറ്റ് നൽകിയത്.
കുപ്രസിദ്ധി ആർജ്ജിച്ച 2010ലെ ദേഗംഗ വർഗീയ കലാപത്തിന്റെ ആസൂത്രകരിൽ ഒരാളാണ് നൂറുൽ ഇസ്ലാം. കലാപത്തിന് നേതൃത്വം കൊടുത്ത തൃണമൂൽ നേതാവിനെതിരെ ബംഗാളിലെ വിവിധ പോലീസ് സ്റ്റേഷനുകൾ കേസുകൾ നിലവിൽ ഉണ്ട്. ദേഗംഗയിൽ ഹിന്ദു വീടുകളും വ്യാപാര സ്ഥാപനങ്ങളും അഗ്നിക്കിരയാക്കിയ സംഘത്തിന് നേതൃത്വം നൽകിയത് ഹാജി നൂറുൽ ഇസ്ലാമാണെന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ തനിക്കെതിരെയുള്ള ക്രിമിനൽ കേസുകൾ നൂറുൽ ഇസ്ലാം മറച്ചുവെച്ചെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസ് രൂപീകരിച്ചപ്പോൾ
മമത ബാനർജിയുടെ കൂടെ നിന്ന നേതാക്കളിൽ ഒരാളാണ് ഹാജി നൂറുൽ ഇസ്ലാം.
മാൽഡ സൗത്തിൽ നിന്നുള്ള തൃണമൂൽ സ്ഥാനർത്ഥിയായ ഷാനവാസ് അലി റൈഹാനും മതമൗലികവാദ പശ്ചാത്തലമുള്ള വ്യക്തിയാണ്. മതതീവ്രവാദ ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്ന ജമാ അത്തെ ഇസ്ലാമി സഹയാത്രികനാണ് ഷാനവാസ് അലി റൈഹാൻ. ജമാ ത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടനയായ എസ്ഐഒയുടെ ദേശീയ സെക്രട്ടറിയായി പ്രവർത്തിച്ച റൈഹാന്റെ പല നിലപാടുകളും വിവാദങ്ങൾക്ക് കാരണമായിരുന്നു. 2020ൽ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലേക്ക് സിഎഎ വിരുദ്ധ പ്രകടനം നയിച്ചവരിൽ പ്രധാനിയായിരുന്നു ഷാനവാസ് അലി റൈഹാൻ.
ബംഗ്ലാദേശ് വിമോചന കാലത്ത് പാകിസ്ഥാൻ സേനയ്ക്കൊപ്പം യുദ്ധകുറ്റകൃത്യങ്ങൾ നടത്തിയതിന്റെ പേരിൽ കുപ്രസിദ്ധി ആർജ്ജിച്ച സംഘടനയാണ് ജമാ അത്തെ ഇസ്ലാമി. ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമിയുമായി ബംഗാളിലെ പല നേതാക്കൾക്കും അടുത്ത ബന്ധമുണ്ടെന്ന ആരോപണം ശക്തമാണ്. തീവ്ര ഇസ്ലാമിക ആശയങ്ങൾ ഉൾക്കൊള്ളുന്ന റൈഹാനെ പോലെയുള്ളവർക്ക് സ്ഥാനാർത്ഥിത്വം നൽകിയ മമത ബാനർജിയുടെ നടപടി അത്യന്തം അപകടകരമാണെന്നാണ് ബിജെപിയുടെ വാദം.
ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്ന പാരമ്പര്യമുള്ള സിനിമ-സീരിയൽ താരം സയോനി ഘോഷിന് ടിക്കറ്റ് നൽകിയ മമതയുടെ നടപടിയും വിവാദമായിട്ടുണ്ട്.
ബംഗാളിലെ ജാദവ്പൂരിൽ നിന്നുള്ള തൃണമൂൽ സ്ഥാനാർത്ഥിയാണ് സയോനി.
സാമൂഹ്യ മാധ്യമങ്ങളിൽ ഭഗവാൻ ശിവനെ അധിക്ഷേപിക്കുന്ന പോസ്റ്റിട്ട സയോനി നേരത്തെ വൻ വിമർശനം ഏറ്റുവാങ്ങിയിരുന്നു. സംഭവം വിവാദമായതോടെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് പറഞ്ഞ് നടി മാപ്പ് പറയുകയായിരുന്നു.
ബംഗാളിൽ ഹിന്ദുവിരുദ്ധ നിലപാടുകൾ പിന്തുടരുന്നവരെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന മമത ബാനർജിയുടെ ലക്ഷ്യം നഗ്നമായ മുസ്ലിം പ്രീണനമാണെന്നാണ് ആരോപണം. സന്ദേശ്ഖലി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുഖം നഷ്ടപ്പെട്ട തൃണമൂൽ സർക്കാർ മുസ്ലിം മതമൗലിക വാദികളെ പ്രീണിപ്പിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിൽ പിടിച്ചു നിൽക്കാനാണ് ശ്രമിക്കുന്നത്
Discussion about this post