ഇന്ത്യയിൽഒട്ടുമിക്ക ആളുകളും ഇപ്പോൾ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണ്. കഴിഞ്ഞ വർഷം ഏപ്രിലോടെ ക്രെഡിറ്റ് കാർഡ് കുടിശിക രണ്ട് ലക്ഷം കോടി കവിഞ്ഞിരുന്നു. ക്രെഡിറ്റ് കാർഡിന്റെ അമിതോപയോഗമാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് ഒരു തെറ്റൊന്നുമല്ല. എന്നാൽ, വളരെ ശ്രദ്ധിച്ചു വേണം ഇത് ഉപയോഗിക്കുവാൻ.
ആവശ്യമുള്ളതും അനാവശ്യമായതുമായ സാധനങ്ങളുമെല്ലാം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നതിന്റെ പ്രധാന കാരണം, 50 ദിവസം വരെ പലിശ രഹിത ക്രെഡിറ്റ് കാലയളവ് കിട്ടുമെന്നതിനാലാണ്. എന്നാൽ, ഇങ്ങനെ വാങ്ങിക്കൂട്ടുമ്പോൾ തിരിച്ചടവ് വൈകിയാൽ ലേറ്റ് ഫീ ഉൾപ്പെടെയുള്ള അധിക ചാർജുകൾ നൽകേണ്ടി വരുമെന്ന കാര്യവും ഓർക്കണം.
ഒരാളുടെ ക്രെഡിറ്റ് പരിധിക്കപ്പുറം ചെലവഴിക്കുകയും, നിശ്ചിത തീയതിക്കകം മിനിമം ബാലൻസ് അടയ്ക്കാൻ കഴിയാതെ വരികയും ചെയ്യുമ്പോഴാണ് ലേറ്റ് പെയ്‌മെന്റ് ഫീസ് ഈടാക്കുന്നത്. അതായത്, നിങ്ങൾക്ക് ആകെ 2,000 കുടിശിക ഉണ്ടെങ്കിൽ 100 രൂപ ലേറ്റ് ഫീ ആയി ചാർജ് ചെയ്യും. 25000 രൂപ വരെയുള്ള കുടിശികയ്ക്ക് 1000 രൂപ വരെ ലേറ്റ് ഫീ ചുമത്താം. അതിനാൽ തന്നെ നിശ്ചിത തീയതിക്കകം മിനിമം ബാലൻസ് എങ്കിലും അടക്കാൻ ശ്രദ്ധിക്കണം.
മൊത്തം കുടിശികയുടെ മിനിമം കുടിശിക മാത്രം അടച്ചാൽ മതിയെന്നകണ് പലരുടെയും തെറ്റിദ്ധാരണ. എന്നാൽ, ഇങ്ങനെ ചെയ്യുമ്പോൾ ഫിനാൻസ് ചാർജ്ജ് ഈടാക്കുന്നതിനെപ്പററി പലരും ചിന്തിക്കാറില്ല. 20% മുതൽ 44% വരെ. കാർഡ് അനുസരിച്ച് ഫിനാൻസ് ചാർജ് ഈടാക്കാറുണ്ട്..
നിശ്ചിത തീയതിക്കകം തിരിച്ചടയ്ക്കാൻ കഴിയുന്നത്ര തുക മാത്രം ക്രെഡിറ്റ് കാർഡുപയോഗിച്ച് ചെലവഴിക്കുക. ക്രെഡിറ്റ് കാർഡ് കുടിശ്ശിക പൂർണ്ണമായും നിശ്ചിത തീയതിക്ക് മുൻപ് അടച്ചു തീർക്കാനും ശ്രമിക്കണം.
കുടിശ്ശിക തുക കൂടുതലാണെങ്കിൽ അത് ഇഎംഐ ആക്കി മാറ്റി മാസങ്ങൾക്കുള്ളിൽ അടച്ചുതീർക്കുക. പണം പിൻവലിക്കലിനായി നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കരുത്. കാരണം പണം പിൻവലിക്കലിന് പലിശ രഹിത കാലയളവ് ബാധകമല്ല.












