ചണ്ഡിഗഢ്: ഹരിയാനയിൽ മനോഹർ ലാൽ ഖട്ടറിന്റെ പിൻഗാമിയായി മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയിരിക്കുകയാണ് നയാബ് സിംഗ് സൈനി. കുരുക്ഷേത്രയിൽ നിന്നുള്ള എംപിയായ സൈനി, സംസ്ഥാനത്തെ ബിജെപിയുടെ പ്രമുഖ ഒബിസി നേതാക്കളിൽ ഒരാളാണ്. കഴിഞ്ഞ ഒക്ടോബറിൽ ഹരിയാന ബിജെപി അധ്യക്ഷനായി നിയമിതനായ നായബ് സിംഗ് സൈനി, ഖട്ടർ സർക്കാരിൽ നേരത്തെ മന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
54കാരനായ സൈനി ഹരിയാനയിൽ ബിജെപിയുടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച നേതാവാണ്. 2002ൽ യുവമോർച്ച അംബാല ജില്ലാ സെക്രട്ടറിയായി നിയമിതനായതോടെയാണ് രാഷ്ട്രീയ രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. കർഷകരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട സൈനി, കിസാൻ മോർച്ചയുടെ ഹരിയാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
സംഘടനാ തലത്തിൽ വിവിധ പദവികൾ അലങ്കരിച്ച ശേഷം 2014ലാണ് തെരഞ്ഞെടുപ്പ് രംഗത്തേക്ക് കാലെടുത്ത് വെക്കുന്നത്. ആ വർഷം നടന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ നാരായൺഗഡ് മണ്ഡലത്തിൽ നിന്ന് വിജയിച്ച് എംഎൽഎയായി. തൊട്ടു പിന്നാലെ 2016ൽ മനോഹർ ലാൽ ഖട്ടർ സർക്കാരിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
2019ൽ പുതിയൊരു വെല്ലുവിളിയാണ് സൈനിയെ പാർട്ടി ഏൽപ്പിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിലെ കുരുക്ഷേത്ര മണ്ഡലത്തിൽ നിന്ന് ജനവിധി തേടി തിളക്കമാർന്ന വിജയം സ്വന്തമാക്കി. കോൺഗ്രസ് സ്ഥാനാർത്ഥി നിർമൽ സിംഗിനെ നാല് ലക്ഷത്തോളം വോട്ടിന്റെ വമ്പൻ മാർജിനിലാണ് സൈനി പരാജയപ്പെടുത്തിയത്.
ബിജെപി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നയാബ് സിംഗ് സൈനിയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയാണ്. സംസ്ഥാനത്ത് പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യം നിലനിൽക്കെ, ബിജെപിയെ വീണ്ടും അധികാരത്തിലേറ്റുക എന്ന ദൗത്യമാണ് സൈനിക്ക് മുന്നിലുള്ളത്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.
ഘടകകക്ഷിയായ ജെജെപിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് മനോഹർ ലാൽ ഖട്ടർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 10 മണ്ഡലങ്ങളുള്ള ഹരിയാനയിൽ രണ്ട് സീറ്റുകൾ ജെജെപി ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ഇരു പാർട്ടികളും തമ്മിൽ തർക്കം ഉടലെടുത്തത്.
90 അംഗ ഹരിയാന നിയമസഭയിൽ നിലവിൽ 41 എംഎൽഎമാരാണ് ബിജെപിക്കുള്ളത്. 10 എംഎൽഎമാരുള്ള ജെജെപി വേർപിരിഞ്ഞ സാഹചര്യത്തിൽ, 6 സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കിയാണ് ബിജെപി സർക്കാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 90 അംഗ ഹരിയാന നിയമസഭയിൽ ബിജെപിക്ക് നിലവിൽ 47 അംഗങ്ങളുടെ പിന്തുണയുണ്ട്. കേവല ഭൂരിപക്ഷത്തിന് 46 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്.
Discussion about this post