ചെന്നെ: ഡിഎംകെയ്ക്കും കോൺഗ്രസിനും തമിഴ്‌നാടിനെ ഒരിക്കലും വികസിത സംസ്ഥാനമാക്കി മാറ്റാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിയുടെയും കൊള്ളയുടെയും ചരിത്രം മാത്രമാണ് ഇരുവർക്കുമുള്ളത്. കൊള്ളയടിക്കുക എന്നതാണ് ഇരു പാർട്ടികളുടെയും രാഷ്ട്രീയമെന്നും പ്രധാനമന്ത്രി പറഞ്ഞു. കന്യാകുമാരിയിലെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1991ൽ ഞാൻ കന്യാകുമാരിയിൽ നിന്നും കശ്മീരിലേക്ക് ഏകതാ യാത്ര തുടങ്ങി. ഇപ്പോൾ കശ്മീരിൽ നിന്നും കന്യാകുമാരിയിലേക്ക് വരുന്നു. ഇന്ത്യയെ വിഭജിക്കാൻ ശ്രമിച്ചവരെ കശ്മീരിലെ ജനങ്ങൾ തള്ളിക്കളഞ്ഞു. തമിഴ്‌നാട്ടിലെ ജനങ്ങളും അതുതന്നെ ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്.
ഡിഎംകെ നേതാക്കൾ ജയലളിതയോട് എന്താണ് ചെയ്തതെന്ന് എല്ലാവർക്കും അറിയാം. സ്ത്രീകളോടുള്ള അവരുടെ സമീപനം ഇപ്പോഴും അതേ രീതിയിൽ തന്നെ തുടരുന്നു. സ്ത്രീകൾക്കുള്ള സംവരണ ബിൽ ഞങ്ങൾ അവതരിപ്പിച്ചപ്പോൾ കോൺഗ്രസോ ഡിഎംകെയോ അതിനെ പിന്തുണച്ചില്ല. ഡിഎംകെയും കോൺഗ്രസും സ്ത്രീവിരുദ്ധരാണ്’- പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
തൊഴിലാളികളുടെ ഉന്നമനത്തിനായി കേന്ദ്ര സർക്കാർ നടത്തിയ പ്രയത്‌നങ്ങളെ കുറിച്ചും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ഈയടുത്ത് തൂത്തുക്കുടിയിൽ ചിദംബർ തുറമുഖം ഉദ്ഘാടനം ചെയ്തു. ആധുനിക മത്സ്യബന്ധന ബോട്ടുകൾക്കായുള്ള സാമ്പത്തിക സഹായം മുതൽ തൊഴിലാളികളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ ഞങ്ങൾ എപ്പോഴും ശ്രദ്ധിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.








