തിരുവനന്തപുരം : ചുട്ടുപൊള്ളുന്ന വേനലിൽ വരണ്ടുപോയ മലയാള മണ്ണിന് ആശ്വാസമായി മഴ വരുന്നു. വരും മണിക്കൂറുകളിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. നേരിയ മഴയ്ക്കും 40 കിലോമീറ്റർ വേഗതയിലുള്ള കാറ്റിനുമാണ് സാധ്യതയുള്ളത്.
തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. അതോടൊപ്പം തന്നെ വെള്ളിയാഴ്ച രാത്രി 11: 30 വരെ കേരളതീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാലക്കും സാധ്യതയുള്ളതായി ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്.
മാർച്ച് 15 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില ഉണ്ടാകുമെന്ന് നേരത്തെ കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 38 ഡിഗ്രി സെൽഷ്യസോ അതിനു മുകളിലോ താപനില ഉയരാൻ സാധ്യതയുണ്ട് എന്നാണ് സൂചന. കേരളത്തിലെ മലയോരമേഖലകളിൽ ഒഴികെ ബാക്കിയുള്ള ഭാഗങ്ങളിൽ മാർച്ച് 20 വരെയുള്ള കാലയളവിൽ ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും മൂലം അസ്വസ്ഥത ഉണ്ടാക്കുന്ന കാലാവസ്ഥ ആയിരിക്കും ഉണ്ടായിരിക്കുക എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Discussion about this post