കേരളത്തിലെ ചില ആശുപത്രികൾക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കൺസൾട്ടന്റ് യൂറോളജിസ്റ്റും കിഡ്നി മാറ്റിവെക്കൽ സർജനുമായ ഡോ. ജേസൺ ഫിലിപ്പ് രംഗത്ത്. നിയമവിരുദ്ധമായി കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തുന്നതിനായി ചില ആശുപത്രികൾ തന്നെ സമീപിച്ചിരുന്നതായി അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.
സുഗമമായ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ ഉറപ്പാക്കുന്നതിനായി ആളുകളെ കൊലപ്പെടുത്താൻ വരെ ഈ ആശുപത്രി അധികൃതർ തയ്യാറാണെന്ന് വാഗ്ദാനം ചെയ്തതായും അദ്ദേഹം ആരോപിക്കുന്നു. തൊടുപുഴ മേഖലയിലുള്ള ഒരു ആശുപത്രി, പാലക്കാട് മണ്ണാർക്കാട്ട് വ്യവസായിയായ ഉടമയുടെ ആശുപത്രി, അങ്കമാലിയിലുള്ള മറ്റൊരു ആശുപത്രി എന്നിവയുടെ പേരുകൾ താൻ വെളിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ ഗുരുതരമായ വെളിപ്പെടുത്തലുകൾ നടത്തിയിട്ടും കേരള പൊലീസ് തന്നെ ചോദ്യം ചെയ്യാൻ പോലും തയ്യാറായിട്ടില്ലെന്ന് ഡോ. ജേസൺ ഫിലിപ്പ് കുറ്റപ്പെടുത്തുന്നു. താൻ കേരള പൊലീസിനെ ടാഗ് ചെയ്ത് വിവരങ്ങൾ പുറത്തുവിട്ടിട്ടും പ്രാഥമിക അന്വേഷണം നടത്താൻ പോലും പൊലീസ് തയ്യാറായില്ല. ഈ ആശുപത്രികളെല്ലാം ഒരു പ്രത്യേക ശക്തമായ സമൂഹത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും ഇത് പലതും വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം തന്റെ കുറിപ്പിൽ കൂട്ടിച്ചേർത്തു.








