ശ്രീനഗർ : 2023 ലെ ജമ്മുകശ്മീരിലെ കോക്കർനാഗ് ഏറ്റുമുട്ടലിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. രണ്ടു കുറ്റപത്രങ്ങളാണ് ദേശീയ അന്വേഷണ ഏജൻസി ജമ്മുവിലെ പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. അനന്ത്‌നാഗിലെ കോക്കർനാഗ് ഏറ്റുമുട്ടലിൽ ഒരു ലഷ്കർ ഇ ത്വയ്ബ ഭീകരനെ സൈന്യം വധിച്ചിരുന്നു.
സംഭവത്തിൽ അനന്ത്നാഗിലെ രണ്ട് പ്രദേശവാസികളെയും പ്രതി പട്ടികയിൽ ചേർത്തിട്ടുണ്ട്. ലഷ്കർ ഇ ത്വയ്ബ ഭീകരന് ഭക്ഷണം, നിത്യോപയോഗ സാധനങ്ങൾ, ഗതാഗത സഹായം എന്നിവ നൽകിയതിനാണ് പ്രദേശവാസികളായ രണ്ടു യുവാക്കളെ എൻ ഐ എ അറസ്റ്റ് ചെയ്തിരുന്നത്. മുഹമ്മദ് അക്ബർ ദാർ, ഗുലാം നബി ദാർ എന്നിവരാണ് അറസ്റ്റിലായിരുന്നത്. ഇന്ത്യൻ ശിക്ഷാനിയമം, ആയുധനിയമം യുഎപിഎ എന്നിവ ചുമത്തിയാണ് ഇരുവർക്കും എതിരെ കേസെടുത്തിട്ടുള്ളത്.
കോക്കർനാഗിലെ ഗുരി നാട് വനമേഖലയിൽ ഒരാഴ്ചയോളം നീണ്ടുനിന്ന ഏറ്റുമുട്ടലിൽ ആണ് സൈന്യം ഉസൈർ ഖാൻ എന്ന ലഷ്കർ ഇ ത്വയ്ബ ഭീകരനെ വധിച്ചിരുന്നത്. നേരത്തെ ഈ മേഖലയിൽ നടന്ന ഭീകരാക്രമണങ്ങളിലും ഇയാൾ ഉൾപ്പെട്ടിരുന്നതായി തെളിവുകൾ ലഭിച്ചിരുന്നു. എന്നാൽ പർവ്വത പ്രദേശങ്ങളും വനപ്രദേശങ്ങളും കേന്ദ്രമാക്കി രക്ഷപ്പെടാൻ പ്രത്യേക പരിശീലനം നേടിയ ഭീകരൻ ആയിരുന്നതിനാൽ ഏറെ പണിപ്പെട്ടാണ് സൈന്യം ഇയാളെ കീഴടക്കിയിരുന്നത്.
Discussion about this post